തിരുവനന്തപുരം
സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപം വരുമെന്നും അതിനുള്ള സാഹചര്യം ഇവിടെ ഉണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വൻകിട വ്യവസായങ്ങൾ ചിലത് കേരളത്തിലേക്ക് വരാൻ തയ്യാറായിട്ടുണ്ട്. ബഹുരാഷ്ട്ര കമ്പനികൾ വരാൻ സന്നദ്ധത പ്രകടിപ്പിച്ചു. ചിലർ വന്നുകഴിഞ്ഞു. അത് കൂടുതൽ ശക്തിപ്പെടുത്തണം. സംസ്ഥാനത്ത് നിലനിന്ന ചില അനാരോഗ്യപ്രവണത പൂർണമായും ഒഴിവാക്കാനും ആരോഗ്യകരമായ അന്തരീക്ഷം കൊണ്ടുവരാനും കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. വ്യവസായവകുപ്പ് ആവിഷ്കരിച്ച ‘ഒരു വർഷം ഒരു ലക്ഷം സംരംഭം’ പദ്ധതിയുടെ ഭാഗമായി എംഎൽഎമാർക്കായി സംഘടിപ്പിച്ച ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഒരു വ്യവസായം വന്നാൽ, എന്തോ നാടിന് വേണ്ടാത്ത കൂട്ടരാണ് എന്നൊരു ചിന്തയുണ്ടായിരുന്നു. അതിന് വലിയ മാറ്റംവന്നു. അത്തരമൊരു മനോഭാവവും ഇപ്പോഴില്ല. ഉദ്യോഗസ്ഥതലത്തിൽ കാലതാമസമുണ്ടാകുന്നു എന്ന പരാതിക്കും പരിഹാരമായി. വ്യവസായം തുടങ്ങാൻ ആവശ്യമായ പൊതുസാഹചര്യം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
വ്യാവസായിക വികസനത്തിന് വലിയതോതിലുള്ള സ്വകാര്യനിക്ഷേപം വേണം. എന്നാൽ, സ്വകാര്യനിക്ഷേപത്തിൽ എന്തിനെയും പ്രോത്സാഹിപ്പിക്കുക എന്ന നിലപാടില്ല. കേരളത്തിന് അനുയോജ്യമായ, പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത വ്യവസായങ്ങളെ മാത്രമേ നമുക്ക് സ്വീകരിക്കാൻ കഴിയൂ.
പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിക്കപ്പെടണമെന്നത് അടിസ്ഥാനപരമായ നിലപാടാണ്. പൊതുമേഖലാ സ്ഥാപനം വേണ്ടതില്ല, അതെല്ലാം വിറ്റ് കാശാക്കി സർക്കാരിന്റെ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതാണ് നല്ലത് എന്ന ചിന്താഗതി വലിയതോതിൽ രാജ്യത്തുണ്ട്. അവിടെയാണ് പൊതുമേഖല സംരക്ഷിക്കുക എന്ന ബദൽ നാം മുന്നോട്ടുകൊണ്ടുപോകുന്നത്.
എന്നാൽ, വൻകിട വ്യവസായങ്ങൾമാത്രം പോരാ, ചെറുകിട വ്യവസായങ്ങൾക്കും വലിയ സാധ്യതയുണ്ട്. ആ തിരിച്ചറിവിൽനിന്നാണ് ഒരു വർഷം ഒരു ലക്ഷം സംരംഭം എന്ന മുദ്രാവാക്യം മുന്നോട്ടുവച്ച് വ്യവസായവകുപ്പ് പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 69,138 സംരംഭം തുടങ്ങി. 6,448 കോടിയുടെ നിക്ഷേപവും 2,45,369 തൊഴിലും ഉണ്ടായി. എൽഡിഎഫ് സർക്കാരിന്റെ തുടർച്ചയിൽ ആദ്യ ഒരു വർഷംകൊണ്ട് 17,855 സംരംഭം ആരംഭിച്ചു. 1,736 കോടിയുടെ നിക്ഷേപവും 64,541 തൊഴിലും സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കർ എം ബി രാജേഷ് അധ്യക്ഷനായി.