കൊച്ചി
ഇന്ത്യൻ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ. ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്ന വിനിമയനിരക്കായ 79.48ലേക്ക് തിങ്കളാഴ്ച രൂപ കൂപ്പുകുത്തി. വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ച 79.25ൽനിന്ന് 23 പൈസയാണ് രൂപയ്ക്ക് നഷ്ടമായത്. ഇന്റർ ബാങ്ക് ഫോറെക്സ് വിപണിയിൽ നാല് പൈസ നഷ്ടത്തിൽ 79.3 നിലവാരത്തിൽ വ്യാപാരം ആരംഭിച്ച രൂപ ഒടുവിൽ 79.43ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ആഭ്യന്തര ഓഹരിവിപണി ദുർബലമായതും വിദേശനിക്ഷേപകർ വൻതോതിൽ നിക്ഷേപം പിൻവലിക്കുന്നതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഈ വർഷം ആറ് ശതമാനത്തോളമാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ജൂൺ 21ന് ഡോളറിനെതിരെ 79ൽ എത്തിയ രൂപ ഈ മാസം അഞ്ചിന് 79.37ലേക്ക് താഴ്ന്നിരുന്നു.
രൂപയുടെ മൂല്യം തുടർച്ചയായി ഇടിയുന്നത് പണപ്പെരുപ്പം ഉയർത്തും. രാജ്യത്തിന്റെ ഇറക്കുമതിച്ചെലവും വ്യാപാരക്കമ്മിയും ഗണ്യമായി വർധിക്കും. ജൂണിലെ കണക്കുപ്രകാരം 2560 കോടി ഡോളറാണ് (ഏകദേശം 2.04 ലക്ഷം കോടി രൂപ) രാജ്യത്തിന്റെ വ്യാപാരക്കമ്മി. ഇത് തുടർന്നാൽ രൂപയുടെ മൂല്യം 82ലേക്ക് ഇടിഞ്ഞേക്കുമെന്നാണ് സാമ്പത്തികവിദഗ്ധർ പറയുന്നത്.