തിരുവനന്തപുരം> പാലക്കാട് യൂത്ത് കോൺഗ്രസ് ക്യാമ്പിലെ പീഡനവിവരം പുറത്തുവിട്ടതിന്റെ പേരിൽ വൈസ് പ്രസിഡന്റിനെതിരെ നടപടിക്ക് നീക്കം. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വിവേക് ആർ നായരുടെ അതിക്രമത്തിന് ഇരയായ, തിരുവനന്തപുരം ജില്ലയിലെ യൂത്ത് കോൺഗ്രസ് നേതാവായ യുവതിയിൽനിന്ന് എഴുതിവാങ്ങിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്. പീഡനം നടന്നില്ലെന്നും വാർത്ത പ്രചരിപ്പിച്ച നേതാവിനെതിരെ നടപടി വേണമെന്നും സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ യുവതിയിൽനിന്ന് പരാതി എഴുതിവാങ്ങിയിരുന്നു. വൈസ് പ്രസിഡന്റുമാരായ ബാലു, നുസൂർ എന്നിവരിലാരെയെങ്കിലും ‘പ്രതിയാക്കി ’ കേസ് അവസാനിപ്പിക്കാനാണ് നീക്കം.
ക്യാമ്പിൽ നടന്ന സംഭവങ്ങളുടെ വാർത്ത ഇവർ പുറത്ത് നൽകി നാണക്കേടുണ്ടാക്കിയെന്നു വരുത്തി നടപടിയെടുക്കാനാണ് ശ്രമം. അതിന് ചിലരുടെ ഫോൺസംഭാഷണവും ശേഖരിച്ചിട്ടുണ്ട്. പീഡനമുണ്ടായത് അച്ചടക്കനടപടിയിലൂടെ മറച്ചുവയ്ക്കാനാണ് നേതാക്കളുടെ തീരുമാനം. വാർത്ത പ്രചരിച്ചത് സംബന്ധിച്ച് കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിനും പൊലീസിനും പരാതി നൽകാൻ കെ സുധാകരൻ യുവതിയോട് നിർദേശിച്ചിട്ടുണ്ടെങ്കിലും നൽകിയിട്ടില്ല.