തിരുവനന്തപുരം
സംസ്ഥാന സർക്കാരിന്റെ ക്ഷേമ പെൻഷൻ വിതരണത്തിലും മണ്ണ് വാരിയിടാൻ യുഡിഎഫ്–- ബിജെപി അവിശുദ്ധസഖ്യം. സാമൂഹ്യസുരക്ഷ, ക്ഷേമ പെൻഷൻ കൃത്യമായി നൽകാൻ രൂപീകരിച്ച കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് കമ്പനി പൂട്ടിക്കാനാണ് ശ്രമം.
കേന്ദ്രഭരണ തണലിൽ ഇതിനുള്ള പണി ബിജെപി തുടങ്ങി. കമ്പനി ഇല്ലാതാകുമെന്ന പ്രചാരണം അഴിച്ചുവിട്ട് യുഡിഎഫ് അവർക്ക് ചൂട്ട് പിടിക്കുന്നുണ്ട്. കമ്പനിയുടെ വായ്പ സംസ്ഥാനത്തിന്റെ പൊതുകടമാക്കി കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുമെന്നാണ് കേന്ദ്ര ഭീഷണി. ഇങ്ങനെ വന്നാൽ റവന്യു വരുമാനം അനുസരിച്ചേ പെൻഷൻ വിതരണത്തിന് തുക ലഭിക്കൂ. ഇതിലൂടെ, പദ്ധതി ഇല്ലാതാക്കുകയാണ് ലക്ഷ്യം.
എന്നാൽ, പ്രതിമാസ പെൻഷൻ തടസ്സപ്പെടുന്ന ഒരു തീരുമാനവും സംസ്ഥാന സർക്കാരിൽനിന്ന് ഉണ്ടാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. ഹ്രസ്വകാല വയ്പകളിലൂടെ എല്ലാ മാസവും ആവശ്യമായ തുക കണ്ടെത്താനാണ് സർക്കാർ പെൻഷൻ കമ്പനി ആരംഭിച്ചത്.
പെൻഷൻ വിതരണത്തിൽ ആറു വർഷവും എൽഡിഎഫ് സർക്കാർ അഭിമാനകരമായ ഇടപെടൽ നടത്തി. മാസം 1100 കോടി രൂപയാണ് ഇതിനായി നീക്കിവയ്ക്കുന്നത്.
കോവിഡ് പ്രതിസന്ധിയിലും ഇത് മുടങ്ങിയില്ല. ഉത്സവകാലങ്ങളിൽ മുൻകൂറായും നൽകുന്നുണ്ട്.