മലപ്പുറം
സിപിഐ എം ഇല്ലാത്ത കേരളം വിനാശകരമാകുമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ച് സിപിഐ എമ്മിന്റെ ശക്തമായ സാന്നിധ്യമുള്ളതിനാലും ശക്തമായ ന്യൂനപക്ഷ സമുദായങ്ങൾ ഉള്ളതിനാലുമാണ് കാവിയെ ചെറുക്കുന്നതിൽ കേരളം മുൻപന്തിയിൽ നിൽക്കുന്നതെന്നും ഇംഗ്ലീഷ് ദിനപത്രമായ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തിൽ സാദിഖലി തങ്ങൾ പറഞ്ഞു. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും ഫാസിസത്തെ ചെറുക്കാനും ബിജെപി ഒഴികെയുള്ള കക്ഷികൾ ഇവിടെയുണ്ടാകണമെന്നാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ എമ്മിനെ ഇല്ലാതാക്കാൻ ബിജെപിക്ക് ഒപ്പം ചേർന്നുപോലും കോൺഗ്രസ് പ്രവർത്തിക്കുന്ന വേളയിലാണ് യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റിന്റെ ഈ വാക്കുകൾ. ദേശീയതലത്തിൽ ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ് പരിഹരിക്കേണ്ടത് കോൺഗ്രസിന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓർമപ്പെടുത്തുന്നുമുണ്ട്. സഖ്യത്തിലുള്ള മറ്റുള്ളവർക്ക് അവരെ സഹായിക്കാനേ കഴിയൂ. തെരഞ്ഞെടുപ്പ് സഖ്യങ്ങളും തന്ത്രങ്ങളും വിപുലീകരിക്കാൻ കോൺഗ്രസ് കഠിനമായി പരിശ്രമിക്കണമെന്നും സാദിഖലി തങ്ങൾ ആവശ്യപ്പെട്ടു.