പാലക്കാട് > മഹിളാ മോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ശരണ്യ രമേഷ് ജീവനൊടുക്കിയതിന് പിന്നാലെ ബിജെപി ബൂത്ത് പ്രസിഡന്റ് പ്രജീവ് ഒളിവിൽ പോയി. പ്രജീവിന് പങ്കുണ്ടെന്ന് കാണിച്ച് ശരണ്യ എഴുതിയ 13 പേജുള്ള ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. സതേൺ റെയിൽവേ മസ്ദൂർ യൂണിയൻ പാലക്കാട് ഓപ്പൺലൈൻ യൂണിയൻ ബ്രാഞ്ച് സെക്രട്ടറിയാണ് പ്രജീവ്. കത്തും ശരണ്യയുടെമൊബൈൽ ഫോണും നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.
ആത്മഹത്യ കുറിപ്പ് ഇങ്ങനെ
‘‘എന്റെ മരണത്തിന് കാരണം പ്രജീവാണ്. സ്നേഹം നടിച്ച് എന്നെ ഉപയോഗിച്ച ശേഷം എല്ലാവരുടെയും മുന്നിൽ തെറ്റുകാരിയാക്കി. പ്രജീവിനെ വെറുതേ വിടരുത്. തെറ്റുകൾ രണ്ടുപേരും ചെയ്തു. എന്നാൽ എല്ലാ കുറ്റവും എന്റേത് മാത്രമാക്കി. അവന്റെ അഭിനയത്തിൽ വിശ്വസിച്ച് പിന്നാലെ പോയതിനുള്ള സ്വയം ശിക്ഷയായാണ് മരണം ഏറ്റുവാങ്ങുന്നത്. പ്രജീവിന് താനുമായിട്ട് മാത്രമല്ല മറ്റ് സ്ത്രീകളുമായും ബന്ധമുണ്ട്. അവരുടെ പേര് പറയുന്നില്ല. കത്തിൽ പറയുന്ന കാര്യങ്ങളിൽ വിശ്വാസമില്ലെങ്കിൽ ഫോൺ കോൾ ലിസ്റ്റ് പരിശോധിച്ചാൽ എത്രത്തോളം തന്നെ ഉപയോഗിച്ചിട്ടുണ്ടെന്ന് മനസിലാക്കാം. മരണത്തിന് കാരണം പ്രജീവ് കാളിപ്പാറയാണ്’’–- കുറിപ്പിൽ പറയുന്നു. പ്രജീവിന്റെ ഫോൺ നമ്പറും കത്തിലുണ്ട്.
ഞായറാഴ്ച വൈകിട്ടാണ് മാട്ടുമന്തയിലെ വാടക വീട്ടിൽ ശരണ്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിനാണ് നിലവിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങൾ പരിശോധിച്ച് സംശയമുള്ളവരെ ചോദ്യം ചെയ്യുമെന്നും ശരണ്യയുടെ ബന്ധുക്കളിൽ നിന്ന് വിശദമായ മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.
മരിയ്ക്കുന്നതിന് തൊട്ടുമുമ്പ് പ്രജീവിനെ ശരണ്യ വീഡിയോ കോൾ ചെയ്തിട്ടുണ്ട്. ശരണ്യയുടെ ഭർത്താവിനോട് ആത്മഹത്യാ ശ്രമത്തെപ്പറ്റി വിളിച്ച് അറിയിച്ചതും ആശുപത്രിയിൽ കൊണ്ടുപോകാൻ മുന്നിൽ നിന്നതും പ്രജീവാണ്. എന്നാൽ കത്തിലെ വിവരങ്ങൾ പുറത്തുവന്നതുമുതൽ ഇയാളെ കാണാതായി.
പ്രജീവിന്റെ പേര് ആത്മഹത്യാ കുറിപ്പിൽ വന്ന സാഹചര്യത്തിൽ ബിജെപി നേതൃത്വത്തിന് പരാതി നൽകിയതായി ബന്ധുക്കൾ അറിയിച്ചു. പ്രജീവും ശരണ്യയും തമ്മിലുള്ള സകാര്യ വീഡിയോ ഉണ്ടെന്നു പറഞ്ഞ് ശരണ്യയെ ഭിഷണിപ്പെടുത്തിയതായും പറയുന്നു. ഇവർ തമ്മിലുള്ള ബന്ധം നേരത്തേ കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാക്കിയതായും സൂചനയുണ്ട്. ശരണ്യയുടെ മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനുശേഷം ചന്ദ്ര നഗർ വൈദ്യുത ശ്മശാനത്തിൽ സംസ്ക്കരിച്ചു.
വിശദഅന്വേഷണം വേണമെന്ന് ശരണ്യയുടെ അച്ഛൻ
മകളുടെ ആത്മഹത്യ കുറിപ്പുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം വേണമെന്ന് ശരണ്യയുടെ അച്ഛൻ എം എസ് രാജൻ പറഞ്ഞു. ഉന്നത അന്വേഷണത്തിലൂടെ യാഥാർഥ്യം പുറത്ത് കൊണ്ടുവരണം. ഞായാറാഴ്ച ഉച്ചവരെ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. 2.40 ന് വാട്ട്സ് ആപ് സ്റ്റാറ്റസൊക്കെ ഇട്ടിരുന്നു. വീട്ടിൽ ശരണ്യ ഒറ്റയ്ക്കാണ് ഉണ്ടായിരുന്നത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. അത് വ്യക്തമാവേണ്ടതുണ്ടെന്ന് -രാജൻ പറഞ്ഞു.