കൊച്ചി > നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷ് തിങ്കളാഴ്ച സിബിഐ ചോദ്യം ചെയ്തു. വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട കേസിൽ രാവിലെ 11.30ഓടെയാണ് കൊച്ചി സിബിഐ ഓഫീസിൽ സ്വപ്ന എത്തിയത്. വൈകിട്ട് 5.30 വരെ ചോദ്യം ചെയ്യൽ നീണ്ടു. മുമ്പ് ആവർത്തിച്ച ആരോപണങ്ങൾ സ്വപ്ന മാധ്യമങ്ങൾക്ക് മുന്നിൽ വീണ്ടും ആവർത്തിച്ചു.
ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വടക്കാഞ്ചേരിയിൽ നിർമിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണ കരാർ തന്റെ സ്ഥാപനമായ യൂണിടാക്കിന് ലഭിക്കാൻ യുഎഇ കോൺസുലേറ്റ് പ്രതിനിധിക്ക് കമീഷൻ നൽകിയതായി സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിരുന്നു. അന്ന് യുഎഇ കോൺസൽ ജനറലിന്റെ സെക്രട്ടറിയായിരുന്ന സ്വപ്നയ്ക്ക് ഉൾപ്പടെ കോഴ ലഭിച്ചതായി കണ്ടെത്തി.
ഈ പശ്ചാത്തലത്തിലാണ് സിബിഐ സ്വപ്നയെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയത്. സന്തോഷ് ഈപ്പനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. സ്വപ്നയുടെ സുഹൃത്തും സ്വർണ്ണക്കടത്തു കേസിലെ ഒന്നാം പ്രതിയുമായ സരിത്തിനെ കഴിഞ്ഞ മാസം സിബിഐ ചോദ്യംചെയ്തിരുന്നു. സിബിഐ ചോദ്യം ചെയ്യൽ വരും ദിവസങ്ങളിലും തുടരും.