പാലക്കാട് > എസ്ഡിപിഐ പ്രവർത്തകൻ സുബൈർ വധക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 971 പേജുള്ള കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി എസ് ഷംസുദ്ദീൻ പാലക്കാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒന്നിൽ സമർപ്പിച്ചത്. കേസിൽ ഒമ്പത് പ്രതികളാണുള്ളത്.
കേസിൽ ആകെ 167 സാക്ഷികളുണ്ട്. സിസിടിവി, മൊബൈൽ ഫോൺ ഉൾപ്പെടെ 208 രേഖകൾ കേസിന്റെ ഭാഗമായി ഹാജരാക്കി.
ബിജെപി പ്രവർത്തകനായിരുന്ന സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ പ്രതികാരമാണ് സുബൈർ വധമെന്നാണ് കുറ്റപത്രത്തിലെ കണ്ടെത്തൽ. കേസിൽ ഉൾപ്പെട്ട ഒമ്പത് പേരെയും പിടികൂടിയെന്നും സംഭവത്തിൽ കൂടുതൽ പ്രതികളില്ലെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഒമ്പത് പേരും ചേർന്ന് അഞ്ചിടങ്ങളിലായി നടത്തിയ ഗൂഢോലോചനയുടെ ഭാഗമായാണ് കൊലപാതകമെന്നും കുറ്റപത്രത്തിലുണ്ട്. കേസിൽ അറസ്റ്റിലായ ഒമ്പത് പേരും ബിജെപി ആർഎസ്എസ് പ്രവർത്തകരാണ്.
ആർഎസ്എസ് ജില്ലാ സഹ കാര്യവാഹകായ കൊട്ടേക്കാട് ആനപ്പാറ നടുവിൽവീട്ടിൽ എസ് സുചിത്രൻ (32), ആർഎസ്എസ് ജില്ലാ കാര്യകാര്യദർശി എലപ്പുള്ളി പള്ളത്തേരി സ്വദേശി ജി ഗിരീഷ് (41), മണ്ഡല കാര്യവാഹക് എടുപ്പുകുളം പി കെ ചള്ള ജാനകി നിവാസിൽ ആർ ജിനീഷ് (കണ്ണൻ– 24), എലപ്പുള്ളി വടക്കോട് കള്ളിമുള്ളി രമേഷ് (41), എടുപ്പുകുളം എൻ വി ചള്ള ആറുമുഖൻ (37), മരുതറോഡ് ആലമ്പള്ളം ശരവണൻ (33), ഇരട്ടക്കുളം സ്വദേശി വിഷ്ണുപ്രസാദ് (23), കഞ്ചിക്കോട് ഖണ്ഡ് കാര്യവാഹക് അട്ടപ്പള്ളം സ്വദേശി മനു (മൊണ്ടി മനു–31), കല്ലേപ്പുള്ളി വേനോലി കുറുപ്പത്ത് വീട്ടിൽ ശ്രുബിൻലാൽ(30) എന്നിവരാണ് പ്രതികൾ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരെയും ആസൂത്രണം ചെയ്തവരെയും പിടികൂടാനായി എന്നതാണ് കേസിന്റെ പ്രത്യേകത.
സുബൈറിനെ ഏപ്രിൽ 15നു പകൽ ഒന്നരയോടെയാണു നോമ്പിക്കോട് വച്ചു പിതാവിന്റെ കൺമുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തിയത്. സുബൈറിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച വടിവാളുകളും തെളിവെടുപ്പിനിടെ പൊലീസ് കണ്ടെത്തിയിരുന്നു. കൊലപാതകം നടന്ന് 90 ദിവസം കഴിയുന്നതിന് മുമ്പതന്നെ കുറ്റപത്രം സമർപ്പിച്ചു.