കൊച്ചി > തൃശൂരിൽ 2013ൽ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ പി പരമേശ്വരന്റെ പുസ്തകപ്രകാശനത്തിലാണ് പങ്കെടുത്തതെന്നു പറഞ്ഞ് തടിതപ്പാൻ ശ്രമിക്കുന്ന പ്രതിപക്ഷനേതാവിന്, 2006ൽ സ്വന്തം മണ്ഡലത്തിൽ ആർഎസ്എസിന്റെ ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തതിനെക്കുറിച്ച് മിണ്ടാട്ടമില്ല. രണ്ടു ചടങ്ങുകളുടെയും ചിത്രങ്ങൾ പുറത്തുവന്ന് മൂന്നാംദിവസം തിരുവനന്തപുരത്ത് എത്തിയശേഷമാണ് സതീശൻ വസ്തുതകൾ വളച്ചൊടിച്ച് പ്രതികരിച്ചത്.
ആർഎസ്എസിന്റെ ഗുരുജി ജന്മശതാബ്ദി ആഘോഷച്ചടങ്ങ് 2006 ഡിസംബർ 31ന് പകൽ മൂന്നിനാണ് പറവൂർ മനയ്ക്കപ്പടി എൽപി സ്കൂൾ ഹാളിൽ വി ഡി സതീശൻ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തത്. ഇതിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ചടങ്ങിന്റെ നോട്ടീസും ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബു ഫെയ്സ്ബുക്കിൽ ഇട്ടിട്ടുണ്ട്. ഇതേക്കുറിച്ച് സതീശൻ മിണ്ടുന്നില്ല. എന്നാൽ, ആദ്യം പുറത്തുവന്ന 2013ൽ തൃശൂരിൽ പി പരമേശ്വരന്റെ പുസ്തകം പ്രകാശിപ്പിക്കൽ ചടങ്ങിന്റെ ചിത്രത്തെക്കുറിച്ചുമാത്രമാണ് അതു പുസ്തകപ്രകാശനമല്ലേ എന്ന് സതീശൻ പറയുന്നത്.
1996ലെ തോൽവിക്കുശേഷം അടുത്ത തെരഞ്ഞെടുപ്പുകളിൽ ആർഎസ്എസ് സംസ്ഥാന – ജില്ലാ നേതാക്കളെ കണ്ട് സഹായം അഭ്യർഥിച്ചെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി പറഞ്ഞിട്ടും സതീശന് മറുപടിയില്ല. തന്നെ തോൽപ്പിക്കാൻ ആർഎസ്എസ് ഹിന്ദു മഹാസംഗമം നടത്തിയെന്ന് സതീശൻ പറഞ്ഞതും അർധസത്യം. ബിഡിജെഎസാണ് സംഗമം നടത്തിയത്. വിചാരധാര രണ്ടുവട്ടം വായിച്ചുമനസ്സിലാക്കിയെന്നു പറയുന്ന സതീശൻ, എന്നിട്ടാണോ ഗോൾവാൾക്കർ ജന്മശതാബ്ദിയുടെ ചടങ്ങ് ഉദ്ഘാടനം ചെയ്തതെന്ന ചോദ്യവും ഉയരുന്നു.