ന്യൂഡൽഹി> ആദിവാസി വിഭാഗങ്ങളിലെ കുട്ടികൾക്കായുള്ള ഫണ്ടിൽ തിരിമറി നടത്തിയെന്ന പരാതിയിൽ സാമൂഹ്യപ്രവർത്തക മേധ പട്കറിനും മറ്റ് 11 പേർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് മധ്യപ്രദേശ് പൊലീസ്. ഇതിനായി സ്വരൂപിച്ച 13 കോടി രൂപയിൽ തിരിമറി നടത്തിയെന്ന് ആരോപിച്ച് പ്രീതം രാജ് ബഡോലെ എന്നയാളാണ് ബർവാനി സ്റ്റേഷനിൽ പരാതി നൽകിയത്. നർമദ നവനിർമാൺ അഭിയാൻ സ്വരൂപിക്കുന്ന ഫണ്ട് ദേശദ്രോഹ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതായും പരാതിയിൽ പയുന്നു.
മേധ പട്കർ ആരോപണം നിഷേധിച്ചിട്ടുണ്ട്. ആർഎസ്എസും അവരുടെ വിദ്യാർഥി സംഘടന എബിവിപിയുമായും അടുത്ത ബന്ധമുള്ളയാളാണ് പരാതിക്കാരനെന്ന് മേധ പട്കർ പറഞ്ഞു. നർമദ നവനിർമാൺ അഭിയാന്റെ കണക്കുകളുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോർട്ട് അധികൃതർക്ക് പരിശോധിക്കാമെന്നും അവർ പറഞ്ഞു.