പാലക്കാട്
പ്രഭാതനടത്തത്തിന് ഇറങ്ങിയ ആളെ കൊലപ്പെടുത്തിയ കൊമ്പനെ കാടുകയറ്റാൻ വയനാട് മുത്തങ്ങയിൽനിന്ന് ‘പ്രമുഖ’യെ എത്തിച്ചു. തിങ്കൾ പുലർച്ചെ അഞ്ചരയോടെയാണ് ധോണിയിലെ ബേസ് ക്യാമ്പിൽ 45 വയസ്സുള്ള പ്രമുഖ എന്ന കുംകിയാനയെ എത്തിച്ചത്. ജില്ലയിൽ എത്തിയ ഏഴാമത്തെ കുംകിയാണ് പ്രമുഖ. കഴിഞ്ഞദിവസം ശിവരാമനെ കൊലപ്പെടുത്തിയ കൊമ്പനെ കണ്ടെത്തി ഉൾക്കാട്ടിലേക്ക് കടത്തിവിടുകയോ മയക്കുവെടിവച്ച് പിടികൂടി മറ്റൊരിടത്തേക്ക് മാറ്റുകയോ ആണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്. സ്ഥിരമായി ഇറങ്ങുന്ന ആനയല്ല ശിവരാമനെ കൊലപ്പെടുത്തിയതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.
2016ലാണ് കർണാടകത്തിലെ കൂർഗ് രാജീവ് ഗാന്ധി നാഷണൽ പാർക്കിൽനിന്ന് മോഴ വിഭാഗത്തിൽപ്പെട്ട ‘പ്രമുഖ’ മുത്തങ്ങ ആനപ്പന്തിയിൽ എത്തുന്നത്. ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനകളെയും കടുവകളെയും നേരിട്ട് ശീലമുള്ള പ്രമുഖ മുത്തങ്ങയിലെ സീനിയറാണ്. 2018ൽ മുത്തങ്ങയിൽനിന്ന് സൂര്യൻ, കോന്നി സുരേന്ദ്രൻ എന്നീ ആനകളെ എത്തിച്ചിരുന്നു. ഇവ മദപ്പാടിൽ ആയതോടെ വനംവകുപ്പിന്റെ പദ്ധതികൾ താളംതെറ്റി. ശേഷം മുത്തങ്ങയിൽനിന്നുതന്നെ കോട്ടൂർ അഗസ്ത്യനും കോടനാട് നീലകണ്ഠനും പാലക്കാട് ഡിവിഷനിൽ എത്തി. അഗസ്ത്യൻ ധോണിയിൽ തുടർന്നു. സൂര്യൻ ഒരുവർഷത്തിനുശേഷം സുൽത്താൻബത്തേരിയിൽ വടക്കനാടൻ കൊമ്പനെ പിടികൂടുകയെന്ന ദൗത്യത്തിനു മടങ്ങി. വിവിധ സമയത്തായി കോന്നി സുരേന്ദ്രനും കോടനാട് നീലകണ്ഠനും മടങ്ങി. 2017ൽ കോഴിക്കോട്–- പാലക്കാട് ദേശീയപാതയിൽ ഇറങ്ങിയ കാട്ടാനകളെ തുരത്താൻ തമിഴ്നാട് ആനമലയിൽനിന്ന് രണ്ട് കുംകിയാനകളെ കൊണ്ടുവന്നിരുന്നു.