ന്യൂഡൽഹി
പേറ്റന്റ് കാലാവധി കഴിഞ്ഞതോടെ പ്രമേഹ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മറ്റൊരു മരുന്നിനുകൂടി വില കുറയുന്നു. ടൈപ്പ് 2 പ്രമേഹരോഗികൾക്ക് നൽകുന്ന സിറ്റാഗ്ലിപ്റ്റിൻ ഗുളികയുടെ വിലയാണ് മൂന്നിലൊന്നായി കുറയുന്നത്. നിലവിൽ ഒരു സിറ്റാഗ്ലിപ്റ്റിൻ ഗുളികയ്ക്ക് ശരാശരി 40 രൂപയാണ് ചില്ലറവില. പേറ്റന്റ് കാലാവധി കഴിഞ്ഞതിനാൽ കൂടുതൽ മരുന്നുകമ്പനികൾ ഗുളിക ഉൽപ്പാദിപ്പിച്ച് തുടങ്ങുന്നതോടെ വില 10–-15 രൂപയിലേക്ക് താഴും. യുഎസ് കമ്പനിയായ മെർക്കാണ് സിറ്റാഗ്ലിപ്റ്റിൻ വികസിപ്പിച്ചത്.
പ്രമേഹരോഗികളിൽ നല്ല ഫലം പ്രകടമാക്കുന്ന സിറ്റാഗ്ലിപ്റ്റിൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് വൻതോതിൽ കുറഞ്ഞ് അപകടസ്ഥിതിയുണ്ടാകുന്ന സാഹചര്യമുണ്ടാക്കില്ലെന്നതും അനുകൂല ഘടകമാണ്. പാർശ്വഫലങ്ങളും കുറവാണ്. ഗ്ലിപ്റ്റിൻ വിഭാഗത്തിൽപ്പെട്ട വിൽഡാഗ്ലിപ്റ്റിൻ ഗുളികയുടെ വിലയും പേറ്റന്റ് കാലാവധി കഴിഞ്ഞതിനെത്തുടർന്ന് കഴിഞ്ഞ വർഷം ഗണ്യമായി കുറഞ്ഞിരുന്നു. അമ്പതോളം കമ്പനിയാണ് വിവിധ ബ്രാൻഡ് പേരുകളിൽ സിറ്റാഗ്ലിപ്റ്റിൻ ഉൽപ്പാദിപ്പിക്കാനായി തയ്യാറെടുക്കുന്നത്. ഡോ. റെഡ്ഡീസ്, സൺ ഫാർമ തുടങ്ങിയ ഇന്ത്യൻ കമ്പനികളും സിറ്റാഗ്ലിപ്റ്റിന്റെ ജനറിക് രൂപം പുറത്തിറക്കും.