എടക്കര (മലപ്പുറം)
രണ്ടുവർഷംമുമ്പത്തെ പ്രളയത്തിൽ എല്ലാം തകർന്ന കവളപ്പാറയുടെ മറുഭാഗത്തെ തുടിമുട്ടി മലയിൽ വിള്ളൽ കണ്ടെത്തിയത് ആശങ്കപരത്തി. റബർതോട്ടമായ തുടിമുട്ടി മലമുകളിലെ കൂറ്റൻപാറയുടെ അടിഭാഗത്താണ് വിള്ളൽ. ഈ മലയുടെ താഴ്വാരത്തെ 54 കുടുംബങ്ങളെ അഞ്ച് ക്യാമ്പുകളിലേക്കായി മാറ്റി. പ്രദേശം പി വി അൻവർ എംഎൽഎയും ഉന്നതോദ്യോഗസ്ഥരും സന്ദർശിച്ചു.
ഒരാഴ്ചയായി തുടരുന്ന ശക്തമായ മഴയെ തുടർന്നാണ് തുടിമുട്ടി മലയിൽ 35 മീറ്റർ നീളത്തിൽ രണ്ടടി വ്യാപ്തിയിൽ വിള്ളൽ രൂപപ്പെട്ടത്. ഇതിലൂടെ മഴവെള്ളം ഇറങ്ങുന്നുണ്ട്. വ്യാപ്തി വർധിച്ചുവരുന്നതാണ് ആശങ്കക്ക് കാരണം. തൊട്ടടുത്ത് തുടിമുട്ടി തോട് കലങ്ങി ഒഴുകുന്നുണ്ട്. വെള്ളിയാഴ്ചയാണ് വിള്ളൽ വർധിച്ചത് പ്രദേശവാസികൾ കണ്ടത്. 2019ലെ പ്രളയത്തിലാണ് പ്രദേശത്ത് ആദ്യം വിള്ളലുണ്ടായത്. അന്നും ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. പോത്തുകല്ല് പഞ്ചായത്തിലെ പൂളപ്പാടം, ഭൂദാനം, വെളുമ്പിയംപാടം, മുണ്ടേരി സ്കൂളുകളിൽ ക്യാമ്പ് സജ്ജമാക്കിയിട്ടുണ്ട്.
മാറ്റിപ്പാർപ്പിക്കേണ്ട വീട്ടുകാരുമായി പി വി അൻവർ എംഎൽഎയും സബ് കലക്ടർ ശ്രീധന്യ സുരേഷ്, പോത്ത്കല്ല് പഞ്ചായത്ത് പ്രസിഡന്റ് വിദ്യാ രാജൻ, നിലമ്പൂർ തഹസിൽദാർ എം പി സിന്ധു എന്നിവരും സംസാരിച്ചു. കലക്ടറുമായും ജിയോളജി ഉദ്യോഗസ്ഥരുമായും എംഎൽഎ ബന്ധപ്പെട്ടു. അഗ്നിരക്ഷാസേന, വനം, പൊലീസ്, റവന്യൂ, പഞ്ചായത്ത് സംയുക്ത ടീമിനെ പ്രദേശത്ത് വിന്യസിച്ചു. തുടർന്ന് പോത്തുകല്ല് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം ക്യാമ്പ് ആരംഭിക്കാൻ തീരുമാനിച്ചു.
എംഎൽഎ, പെരിന്തൽമണ്ണ സബ് കലക്ടർ, തഹസിൽദാർ, പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ഷാജി ജോൺ, പോത്തുകല്ല് പൊലീസ് ഇൻസ്പെക്ടർ ബാബുരാജ്, സിപിഐ എം ഏരിയാ സെക്രട്ടറി ടി രവീന്ദ്രൻ, പി സഹീർ, മുസ്തഫ പാക്കട, പി വി രാജു, എം എ തോമസ്, തങ്ക കൃഷ്ണൻ എന്നിവർ സംസാരിച്ചു.