ബർമിങ്ഹാം
സ്വന്തംമണ്ണിൽ ഇംഗ്ലീഷുകാരുടെ കഥ കഴിച്ച് ഇന്ത്യ. രണ്ടാം ട്വന്റി–-20 ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെ 49 റണ്ണിന് തരിപ്പണമാക്കി മൂന്നു മത്സരപരമ്പര സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരായ തുടർച്ചയായ നാലാംപരമ്പര വിജയമാണിത്.
തുടർച്ചയായ രണ്ടാംകളിയിലും ഉജ്വലമായി പന്തെറിഞ്ഞ ബൗളർമാരാണ് ഇന്ത്യക്ക് വമ്പൻ ജയം ഒരുക്കിയത്. 171 റണ്ണിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ട് 121ൽ തീർന്നു. സ്കോർ: ഇന്ത്യ 8–-170, ഇംഗ്ലണ്ട് 121 (17). ആദ്യ കളിയിൽ രോഹിത് ശർമയും കൂട്ടരും 50 റണ്ണിന് ജയിച്ചിരുന്നു. ഇന്നാണ് അവസാന മത്സരം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയെ രവീന്ദ്ര ജഡേജയാണ് ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. ഈ ഇടംകൈയൻ ഓൾറൗണ്ടർ 29 പന്തിൽ 46 റണ്ണുമായി പുറത്താകാതെ നിന്നു. രോഹിതും (20 പന്തിൽ 31) ഋഷഭ് പന്തും (15 പന്തിൽ 26) നന്നായി തുടങ്ങിയെങ്കിലും പിന്നീട് ഇംഗ്ലീഷ് പേസർമാർ ഇന്ത്യയെ തകർത്തു. ആറാമനായെത്തിയാണ് ജഡേജയുടെ പ്രകടനം. ഇംഗ്ലണ്ടിനായി ക്രിസ് ജോർദാൻ നാലും അരങ്ങേറ്റക്കാരൻ റിച്ചാർഡ് ഗ്ലെസൻ മൂന്നും വിക്കറ്റ് വീഴ്ത്തി. വിരാട് കോഹ്ലി വീണ്ടും നിരാശപ്പെടുത്തി. മൂന്ന് പന്തിൽ ഒരു റണ്ണുമായി മുൻ ക്യാപ്റ്റൻ മടങ്ങി.
മറുപടിയിൽ ആദ്യ പന്തിൽ ജാസൺ റോയിയെ മടക്കി ഭുവനേശ്വർ കുമാർ വേട്ട തുടങ്ങി. ഇംഗ്ലീഷ് മുൻനിര ബാറ്റർമാർ ഒരിക്കൽക്കൂടി പരാജയമായി. 35 റണ്ണെടുത്ത മൊയീൻ അലിയാണ് ടോപ്സ്കോറർ. ഭുവനേശ്വർ മൂന്ന് വിക്കറ്റ് വീഴ്ത്തി.