ലണ്ടൻ
വിംബിൾഡൺ ടെന്നീസിൽ തുടർച്ചയായ നാലാംകിരീടം തേടി നൊവാക് ജൊകോവിച്ച്. ഫൈനലിൽ ഓസ്ട്രേലിയൻ താരം മെബറിക് നിക് കിർഗിയോസിനെ നേരിടും. ഇന്ന് വൈകിട്ട് ആറരയ്ക്കാണ് പോരാട്ടം. സെന്റർ കോർട്ടിൽ എട്ടാംഫൈനലിനാണ് സെർബിയക്കാരൻ ഇറങ്ങുന്നത്. ഗ്രാൻഡ് സ്ലാമിൽ 32–-ാമത്തേതും. വിംബിൾഡണിൽ ആറു കിരീടങ്ങളുണ്ട്. ആകെ ഗ്രാൻഡ് സ്ലാം ശേഖരം ഇരുപതും. ഇന്ന് കിരീടം ഉയർത്തിയാൽ ഈ നേട്ടത്തിനൊപ്പമുള്ള റോജർ ഫെഡററെ മറികടക്കാം. വിംബിൾഡൺ നേട്ടത്തിൽ പീറ്റ് സാംപ്രസിന് (7) ഒപ്പവുമെത്താം. കിർഗിയോസിന് ഇത് ആദ്യ ഗ്രാൻഡ് സ്ലാം ഫൈനലാണ്.
സെമിയിൽ ബ്രിട്ടന്റെ കാമറൂൺ നോറിയെ മറികടന്നാണ് ജൊകോവിച്ച് എത്തുന്നത്. ആദ്യസെറ്റ് നഷ്ടമായെങ്കിലും മുപ്പത്തഞ്ചുകാരൻ വിട്ടുകൊടുത്തില്ല. 2–-6, 6–-3, 6–-2, 6–-4 എന്ന സ്കോറിനാണ് ജയം. 2011, 2014, 2015, 2018, 2019, 2021 വർഷങ്ങളിലാണ് സെർബിയക്കാരൻ ചാമ്പ്യനായത്. 2020ൽ കോവിഡ് കാരണം ടൂർണമെന്റ് ഉപേക്ഷിച്ചു.
സ്പാനിഷ് താരം റാഫേൽ നദാൽ പരിക്ക് കാരണം പിന്മാറിയതോടെ സെമിക്കിറങ്ങുംമുമ്പേ കിർഗിയോസ് കലാശപ്പോരിന് യോഗ്യത നേടി. ജൊകോവിച്ചിനെതിരെ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇരുപത്തേഴുകാരൻ കോർട്ടിൽ എത്തുന്നത്.