ന്യൂഡൽഹി
അയൽരാജ്യമായ ലങ്ക ആഭ്യന്തരകലാപ സാഹചര്യത്തിലേക്ക് വീണ്ടും വഴിതിരിയുമ്പോൾ അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ. ശക്തമായ അഭയാർഥിപ്രവാഹത്തിന് ഇപ്പോഴത്തെ സാഹചര്യം വഴിയൊരുക്കുമെന്നാണ് റിപ്പോർട്ട്. തലൈ മാന്നാറിൽ നിന്നും തമിഴ്നാട്, കേരള തീരത്തേക്ക് അഭയാർഥി പ്രവാഹം ഉണ്ടാകുമെന്ന തമിഴ്നാട് രഹസ്യാന്വേഷകസംഘം മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുണ്ട്.
ലങ്കയിലെ പുതിയ സംഭവവികാസങ്ങളിൽ ഇന്ത്യ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. കൂടുതൽ മാനുഷിക സഹായം എത്തിച്ച് ലങ്കയുടെ വിശ്വാസമാർജിച്ച് ഒപ്പം നിൽക്കുക എന്ന സമീപനമാണ് ഇന്ത്യ നിലവിൽ സ്വീകരിച്ചുവരുന്നത്. രാഷ്ട്രീയ പ്രതികരണങ്ങൾ നടത്തിയിട്ടില്ല. ലങ്കയിൽ സമാധാന അന്തരീക്ഷം പുലരേണ്ടത് ഇന്ത്യയുടെ തന്ത്രപരമായ ആവശ്യമാണ്. ലങ്കൻ തുറമുഖങ്ങളിലെ പ്രതിസന്ധി ഇന്ത്യയുടെ വിദേശവ്യാപാരത്തിനും തിരിച്ചടിയാകും. ലങ്കയിൽ നാമാവശേഷമായ വിമതസായുധശക്തി പുതിയ സാഹചര്യത്തിൽ വീണ്ടും ശക്തിപ്പെടാതിരിക്കാനുള്ള തന്ത്രപരമായ നീക്കം നടത്തേണ്ടതുണ്ട്.എന്നാൽ കലാപം ഒന്നിനും പരിഹാരമല്ല എന്നാണ് അമേരിക്കയുടെ ആദ്യ പ്രതികരണം.
സമ്പദ് ഘടനയെ കരകയറ്റാൻ രാഷ്ട്രീയ സ്ഥിരതയാണ് വേണ്ടതെന്നും കലാപത്തിലൂടെ അതിന് കഴിയില്ലെന്നും ലങ്കയിലെ അമേരിക്കൻ സ്ഥാനപതി ജൂലി ചുങ് ട്വീറ്റ് ചെയ്തു. റനിൽവിക്രമസിംഗെയുടെ ഇപ്പോഴത്തെ നീക്കങ്ങൾക്ക് ലങ്കയിൽ രാഷ്ട്രീയസ്ഥിരത ഉറപ്പാക്കാൻ കഴിയുമോ എന്നാണ് അമേരിക്ക നിരീക്ഷിക്കുന്നത്.
വരുത്തിവച്ച പ്രതിസന്ധി
സർക്കാരുകളുടെ കെടുകാര്യസ്ഥതയും വർഷങ്ങളായി നടപ്പാക്കിയ നയങ്ങളുടെ അന്തരഫലവുമാണ് പ്രതിസന്ധിയിലേക്ക് ശ്രീലങ്കയെ തള്ളിയിട്ടത്. വിദേശനാണ്യ കരുതൽശേഖരത്തിലെ ഇടിവ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചു. കോവിഡ് സാഹചര്യം സ്ഥിതി രൂക്ഷമാക്കി. രാജ്യത്തിന്റെ വരുമാനത്തിന്റെ 10 ശതമാനവും ലഭിച്ചിരുന്ന വിനോദസഞ്ചാരമേഖല കോവിഡിൽ നിശ്ചലമായി. 2019ലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രജപക്സെ വാഗ്ദാനംചെയ്ത നികുതി വെട്ടിക്കുറയ്ക്കൽ നടപ്പാക്കിയതും സമ്പദ്ഘടനയെ പ്രതികൂലമായി ബാധിച്ചു. ഒപ്പം രാജ്യമാകെ ജൈവകൃഷി വ്യാപിപ്പിക്കാനെടുത്ത തീരുമാനവും തിരിച്ചടിച്ചു. ഭക്ഷ്യവസ്തുക്കളുടെ ഉൽപ്പാദനക്കുറവുണ്ടായി. ഭക്ഷ്യവസ്തുക്കളുടെ മാന്ദ്യംമൂലമുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാൻ വിതരണമേഖലയിൽ സർക്കാർ കൊണ്ടുവന്ന നിയന്ത്രണങ്ങൾ പൂഴ്ത്തിവയ്പിനും കരിഞ്ചന്തയ്ക്കും വഴിയൊരുക്കി. അവശ്യസാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനായി വിദേശനാണ്യ കരുതൽശേഖരം ഉപയോഗിച്ചതോടെ വായ്പാ തിരിച്ചടവ് മുടങ്ങി. ഇതിന് പരിഹാരമായി സർക്കാർ കൂടുതൽ പണം അടിച്ചിറക്കി. ഇതോടെ പണപ്പെരുപ്പം നിയന്ത്രണാതീതമായി.
പാചകവാതക വിലവർധന സാധാരണ ജനജീവിതത്തെ തകിടംമറിച്ചു. വൈദ്യുതനിലയങ്ങൾ അടച്ചു. ഇന്ധനക്ഷാമംമൂലം ജനറേറ്ററുകളുടെ പ്രവർത്തനം നിലച്ചു. പാലും അരിയുംമുതൽ അവശ്യസാധനങ്ങൾക്ക് തീവിലയായി. അച്ചടിക്കടലാസിനും മഷിക്കും ക്ഷാമം വന്നതുമൂലം സ്കൂൾ പരീക്ഷകൾ മാറ്റി. അവശ്യവസ്തുക്കളുടെ ഇറക്കുമതി പോലും സർക്കാർ നിർത്തിച്ചു. ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവ കിട്ടാനില്ലാത്ത സ്ഥിതിയിൽ ജനം തെരുവിലിറങ്ങി.
വിലക്കയറ്റവും ക്ഷാമവുംമൂലം പെട്രോളിനും ഡീസലിനും നിയന്ത്രണമേർപ്പെടുത്തി. ഇങ്ങനെ പ്രതിസന്ധികളെ മറികടക്കാൻ നടപ്പാക്കിയവ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിച്ചു. സർക്കാരിനെതിരായ ജനരോഷം കലാപമായി മാറി.
പ്രസിഡന്റ് നടുക്കടലിൽ
പ്രക്ഷോഭകരെ അഭിമുഖീകരിക്കാതെ ഔദ്യോഗികവസതി വിട്ടിറങ്ങിയ പ്രസിഡന്റ് ഗോതബായ രജപക്സെയെക്കുറിച്ച് വിവരമില്ല. പ്രക്ഷോഭകരെ പേടിച്ച് പ്രസിഡന്റ് രാജ്യം വിട്ടെന്നും അഭ്യൂഹം. കൊളംബോയിലെ തുറമുഖത്തുനിന്ന് പുറപ്പെട്ട നാവികസേനാ കപ്പല്‍ ഗജബാഹുവില്‍ ലഗേജുകള്‍ കടത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്. സ്യൂട്ട്കേസുകള്‍ കപ്പലില്‍ കയറ്റുന്ന ദൃശ്യം പുറത്തുവന്നു. മറ്റൊരു കപ്പലായ എസ്എല്‍എന്‍എസ് സിന്ധൂരലയില് കുറെയാളുകള്‍ കയറിപ്പോയിരുന്നതായി ഹാര്‍ബര്‍ മാസ്റ്റര്‍ വെളിപ്പെടുത്തി.കൂടാതെ കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിന്റെ സമീപത്തേക്ക് വിഐപി വാഹനവ്യൂഹം എത്തുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. എന്നാല്‍, പ്രസിഡന്റ് സൈനിക ആസ്ഥാനത്തുണ്ടെന്നാണ് സര്‍ക്കാര്‍ ഉന്നതവൃത്തങ്ങള്‍ പ്രതികരിച്ചത്.
മാര്‍ച്ചുമുതല്‍ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങുകയും ഏപ്രിലില്‍ ഓഫീസ് വളയുകയും ചെയ്തിട്ടും കൊട്ടാരത്തില്‍ നിന്ന് പുറത്തിറങ്ങാനോ രാജിവയ്ക്കാനോ രജപക്സെ തയ്യാറായിരുന്നില്ല.