തിരുവനന്തപുരം
കോൺഗ്രസിന്റെ സ്ഥാപിതദിനത്തിൽ കെപിസിസി തുടങ്ങിവച്ച 137 രൂപ ചലഞ്ചിലൂടെ പിരിച്ചെടുത്ത തുകയിൽ വൻ തിരിമറി. കെപിസിസി ട്രഷററുടെയും ജനറൽ സെക്രട്ടറിയുടെയും നേതൃത്വത്തിൽ ആസൂത്രിത തിരിമറി നടന്നെന്നാണ് പാർടിക്കുള്ളിൽ ഉയരുന്ന വിമർശം. അതേസമയം, കണക്കിനെച്ചൊല്ലി ഇരുവരും കെപിസിസി ഓഫീസിൽ ഏറ്റുമുട്ടി. ‘കോൺഗ്രസിന്റെ കുതിപ്പിന്’ വേണ്ടി തുടങ്ങിയ ചലഞ്ച് കോൺഗ്രസിന് മറ്റൊരു ‘വെല്ലുവിളി’യായി.
137–-ാം സ്ഥാപിതദിനത്തിലാണ് കെപിസിസി 137 രൂപ ചലഞ്ചിന് തുടക്കമിട്ടത്. ബാങ്ക് അക്കൗണ്ടിലേക്ക് 137 രൂപയോ അതിന്റെ ഗുണിതങ്ങളായോ തുക കൈമാറാനായിരുന്നു ആഹ്വാനം. ഡിസംബർ 28നു തുടങ്ങി ജനുവരി 26ന് അവസാനിപ്പിക്കും എന്നായിരുന്നു പ്രഖ്യാപനം. ഇതുവഴി 50 കോടി രൂപ പിരിക്കാനാണ് ലക്ഷ്യമിട്ടത്.
ക്യുആർ കോഡും ബാങ്ക് അക്കൗണ്ട് നമ്പരും നൽകി ഡിജിറ്റൽ പേയ്മെന്റ് സംവിധാനമായിരുന്നു ആലോചിച്ചത്. ഇത് പാളിയതോടെ ഫണ്ടുപിരിവ് മാർച്ച് പന്ത്രണ്ടിലേക്കും പിന്നീട് ഏപ്രിൽ മുപ്പതിലേക്കും നീട്ടി. ക്യുആർ കോഡിന്റെ സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി പേപ്പർ കൂപ്പണും കീഴ്ഘടകങ്ങളിലേക്ക് നൽകി. ഫണ്ടുപിരിവ് അവസാനിപ്പിച്ചെന്നാണ് നേതാക്കൾ പറയുന്നത്. എന്നാൽ, എത്ര പണം അക്കൗണ്ടിൽ വന്നെന്ന് വ്യക്തമാക്കിയിട്ടില്ല. കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഇതിൽ വ്യക്തതയില്ല. കണക്ക് കെപിസിസി ഭാരവാഹി യോഗത്തിലോ എക്സിക്യൂട്ടീവിലോ അവതരിപ്പിച്ചിട്ടുമില്ല.
മുഴുവൻ പണവും ബാങ്ക് അക്കൗണ്ടിലേക്കാണ് വന്നതെന്നും എല്ലാം സുതാര്യമാണെന്നുമാണ് കെപിസിസി ട്രഷറർ പ്രതാപചന്ദ്രൻ പറയുന്നത്. ഡിജിറ്റൽ പേയ്മെന്റ് വഴി സ്വീകരിച്ച പണം പൂർണമായി കെപിസിസി അക്കൗണ്ടിൽ എത്തിയില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്. വ്യക്തികൾ നേരിട്ടയച്ചതിനാൽ വ്യക്തമായ കണക്ക് ആരുടെ കൈയിലുമില്ല.