തിരുവനന്തപുരം
മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും ജനപ്രതിനിധികൾക്കുമെതിരെ നടത്തിയ പ്രസ്താവനകൾ എച്ച്ആർഡിഎസിന് വേണ്ടിയെന്ന് സ്വപ്ന സുരേഷിന്റെ തുറന്നുപറച്ചിൽ. സുഹൃത്തുക്കളായ ഷാജ് കിരണിനോടും ഇബ്രാഹിമിനോടും ഇക്കാര്യങ്ങൾ തുറന്ന് പറയുന്ന വീഡിയോ ദൃശ്യങ്ങൾ അന്വേഷകസംഘത്തിന് ലഭിച്ചു. ഇബ്രാഹിം പകർത്തിയ വീഡിയോയാണിത്.
ഗൂഢാലോചന നടത്തി സ്വപ്ന, മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ ചില ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെ കൂട്ടുപ്രതി സരിത്തിന്റെ അച്ഛനമ്മമാർ ഫോണിൽ വിളിച്ചു. മകനെ ഇനിയും ജയിലിൽ കിടത്താനാണോ പുറപ്പാട് എന്നുചോദിച്ച് സ്വപ്നയെ ശകാരിച്ചു. ഇതോടെ സരിത്തിനോടും സ്വപ്ന മോശമായി പെരുമാറി. ഈ സമയം സരിത്ത് അൽപ്പം അകന്നതും സ്വപ്നയെ കുപിതയാക്കി.
ഒറ്റപ്പെടുന്നുവെന്ന തോന്നലിലാണ് ഷാജ് കിരണിനോടും ഇബ്രാഹിമിനോടും സ്വപ്ന കാര്യങ്ങൾ തുറന്നുപറഞ്ഞത്. സ്വസ്ഥമായി ജീവിക്കാൻ ആഗ്രഹിച്ചിട്ടും എല്ലാം പറയിപ്പിച്ചത് എച്ച്ആർഡിഎസ് ആണെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. ശമ്പളം നൽകി നിയമിച്ചപ്പോഴുള്ള കരാറിതാണെന്നും സ്വപ്ന പറയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ ദൃശ്യങ്ങൾ ഇബ്രാഹിമിന്റെ കൈയിലുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് ഷാജ് കിരണിനും ഇബ്രാഹിമിനുമെതിരെ സ്വപ്ന പരസ്യപ്രസ്താവനകൾ നടത്തിയതും സംഭാഷണങ്ങൾ പുറത്തുവിട്ടതും. ഇബ്രാഹിമും ഷാജ് കിരണും തനിക്കെതിരെ സാക്ഷി പറയുമെന്ന ഭയമായിരുന്നു ഇതിന് സ്വപ്നയെ പ്രേരിപ്പിച്ചത്. സംഭാഷണം എഡിറ്റ് ചെയ്ത് പുറത്തുവിടാൻ പ്രേരിപ്പിച്ചതാവട്ടെ എച്ച്ആർഡിഎസ്–- ആർഎസ്എസ് നേതാക്കളുടെ നിർദേശ പ്രകാരവുമായിരുന്നു
‘സഹിക്കാൻ വയ്യ’ ; സ്വപ്നയെ പേടിച്ച് രാജിവച്ചത് 10 ജീവനക്കാർ
സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ് ഡയറക്ടറായശേഷം ആർഎസ്എസ് നിയന്ത്രണത്തിലുള്ള എച്ച്ആർഡിഎസിൽനിന്ന് രാജിവച്ചത് 10 ജീവനക്കാർ. സ്വപ്ന പലപ്പോഴും നിലവിട്ട് പെരുമാറുന്നതായും ഇവർക്കൊപ്പം ജോലിയുമായി മുന്നോട്ടുപോകുന്നത് പ്രയാസമാണെന്നും വ്യക്തമാക്കിയാണ് 10 പേരും സ്ഥാപനം വിട്ടത്.
ഇക്കാര്യങ്ങൾ ഗൂഢാലോചനക്കേസ് അന്വേഷിക്കുന്ന പ്രത്യേകാന്വേഷക സംഘത്തിന് മൊഴി ലഭിച്ചിട്ടുമുണ്ട്. സ്വപ്ന ജീവനക്കാരോട് മോശമായി പെരുമാറുന്നുവെന്ന് തുടക്കംമുതൽ പരാതിയുണ്ടായിരുന്നു. ജീവനക്കാർ തുടർച്ചയായി രാജിവച്ചതോടെയാണ് പ്രത്യേകാന്വേഷക സംഘം മൊഴി ശേഖരിച്ചത്.
അന്വേഷകസംഘം ചോദ്യംചെയ്ത ദിവസങ്ങളിൽ സ്വപ്ന മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച് കുഴഞ്ഞുവീണിരുന്നു. അനാവശ്യ കാര്യങ്ങൾക്കുപോലും സ്വപ്ന പൊട്ടിത്തെറിച്ചെന്ന് രാജിവെച്ചവർ പറയുന്നു. കൂട്ടുപ്രതിയായ സരിത്തിനെതിരെ സ്വപ്ന മോശം വാക്പ്രയോഗങ്ങളും നടത്തി. സ്വപ്നയുടെ പെരുമാറ്റരീതികൾ സ്ഥാപന നടത്തിപ്പിന് ബുദ്ധിമുട്ടാണെന്ന് എച്ച്ആർഡിഎസ് തലപ്പത്തുള്ളവർക്കും ബോധ്യമായി. സ്ഥാപനത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളിലുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനും സ്വപ്നയ്ക്കുമേലുള്ള ബിജെപിയുടെ രാഷ്ട്രീയ ബന്ധം മറച്ചുവയ്ക്കാനുമാണ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഒഴിവാക്കി, സ്ത്രീശാക്തീകരണ ഉപദേശകസമിതി അധ്യക്ഷയാക്കിയത്.