ബംഗളൂരു> ബംഗളൂരുവിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷനെടുക്കാന്‍ മടിച്ച് വിദ്യാര്‍ഥികള്‍. പ്രീ യൂണിവേഴ്സിറ്റി കോളേജ്, കോളേജ് വിദ്യാര്‍ഥികളാണ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടാന്‍ താല്പര്യം കാണിക്കാതിരിക്കുകയും ഒപ്പം സര്‍ക്കാര്‍ കോളേജില്‍ അഡ്മിഷന് വലിയ തോതില്‍ അപേക്ഷിക്കുകയും ചെയ്യുന്നത്
541 സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് മൂന്ന് വര്‍ഷമായി ഒരു വിദ്യാര്‍ഥി പോലും അഡ്മിഷന് എടുത്തിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബംഗളൂരു നോര്‍ത്തിലെ 61 പ്രീ യൂണിവേഴ്സിറ്റികള്‍, ബംഗളൂരു സൗത്തിലെ 93 കോളേജുകള്‍, ഗ്രാമ പ്രദേശങ്ങളിലെ 12 കോളേജുകള്‍ എന്നിവയാണ് ഒരു സീറ്റില്‍ പോലും അഡ്മിഷന് എടുക്കാതിരുന്നത്.2019-20,2020-2021, 2021- 2022 എന്നീ അധ്യയന വര്‍ഷങ്ങളിലാണ് കുട്ടികളില്ലാതിരുന്നത്.
‘മികച്ച സൗകര്യവുമായി നിരവധി സര്‍ക്കാര്‍ കോളേജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതായിരിക്കാം സ്വകാര്യ കോളേജില്‍ വിദ്യാര്‍ഥികള്‍ കുറയാന്‍ കാരണമായത്’-ബംഗളൂരു നോര്‍ത്തിലെ ജില്ലാ ഡെപ്യൂട്ടി ഡയറക്ടറായ ശ്രീറാം പറഞ്ഞു. മികച്ച അധ്യാപകരില്ലാത്തതും സ്ഥലസൗകര്യങ്ങള്‍ മെച്ചപ്പെട്ടതല്ലാത്തതിനാലും ഉയര്‍ന്ന ഫീസുള്ളതുമൊക്കെ പലരേയും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും അകറ്റുന്നു. ബംഗളൂരു നോര്‍ത്തിലാണ് സര്‍ക്കാര്‍ പ്രീ യൂണിവേഴ്സിറ്റി കോളേജുകളില്‍ പഠനത്തിനായി കൂടുതല്‍ വിദ്യാര്‍ഥികള്‍ അഡ്മിഷന് എടുത്തിരിക്കുന്നത്-അദ്ദേഹം പറഞ്ഞു.
ഏഴ് സ്വകാര്യ പ്രീ യൂണിവേഴ്സിറ്റി കോളേജുകളാണ് ആളില്ലാത്തതിനാല്‍ പൂട്ടേണ്ടി വന്നതെന്ന് ബംഗളൂരു സൗത്തിലെ ജില്ലാ ഡെപ്യൂട്ടി ഡയറക്ടറായ ആനന്ദ് പറഞ്ഞു. ഈ കോളേജുകള്‍ക്ക് ഈ വര്‍ഷം അഡ്മിഷന് പുതുക്കാവുന്നതാണ്. എന്നാല്‍, അധ്യാപക മികവ്, സാങ്കേതിക സൗകര്യം എന്നിവയൊക്കെ നോക്കി മാത്രമാണ് പ്രീ യൂണിവേഴ്സിറ്റി ബോര്‍ഡ് അവസാന തീരുമാനമെടുക്കുക. ചിക്കമംഗലൂരു, രാമനഗര, കൊടക്, ചമരാജ നഗര്‍, ഗഡാഗ് എന്നി ജില്ലകളിലെ ആറ് കോളേജിലും അഡ്മിഷന് നില പൂജ്യമാണ്. അതേസമയം, ഉത്തര കന്നടയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷം 3 കോളേജിലാണ് അഡ്മിഷന് പൂജ്യമായി മാറിയത്- ആനന്ദ് പറഞ്ഞു