കൊച്ചി
വെറ്ററിനറി ബിരുദംമാത്രമുള്ളവരെ സർജൻമാരായി നിയമിച്ച ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ നടപടി വിവാദത്തിൽ. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് നടപ്പാക്കാനെന്ന പേരിലാണ് നിലവിൽ വിവിധ വകുപ്പുകളിൽ വ്യത്യസ്ത ജോലിയിലുള്ള നാല് വെറ്ററിനറി ഡോക്ടർമാരെ സർജൻമാരായി നിയമിച്ചത്. ഫാമുകളിൽ ഉൾപ്പെടെ നൂറുകണക്കിന് പശുക്കളെയും ആടുകളെയും വളർത്തുന്ന 10 ദ്വീപുകളിൽ ഒമ്പതിടത്തും 10 മാസമായി മൃഗഡോക്ടർമാരില്ല.
മൃഗസംരക്ഷണവകുപ്പിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ഏഴ് ഡോക്ടർമാരെ കഴിഞ്ഞവർഷം സെപ്തംബറിൽ ഒന്നിച്ച് പിരിച്ചുവിട്ടു. പകരം നിയമനം നടത്തിയില്ല. പുതിയ മൃഗഡോക്ടർമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കൽപ്പേനി സ്വദേശി റിട്ടയേർഡ് വെറ്ററിനറി സർജൻ സി പി അബ്ദുൾ കബീർ ഹൈക്കോടതിയെ സമീപിച്ചു. രണ്ടാഴ്ചയ്ക്കകം 10 ദ്വീപിലും സർജനെ നിയമിക്കാൻ കഴിഞ്ഞ മാർച്ചിൽ ഹൈക്കോടതി ഉത്തരവിട്ടു. മൂന്നുമാസം പിന്നിട്ടിട്ടും ഉത്തരവ് നടപ്പാക്കിയില്ല. അതിനെതിരെ ഡോ. സി പി അബ്ദുൾ കബീർ കോടതിയലക്ഷ്യനടപടി തുടങ്ങാനിരിക്കെയാണ് അനർഹരുടെ നിയമനം.
പുതിയ മൃഗഡോക്ടർമാരിൽ ഒരാൾ 23 വർഷമായി അഡ്മിനിസ്ട്രേഷനുകീഴിൽ അക്കൗണ്ടന്റാണ്. മറ്റൊരാൾ 29 വർഷമായി പരിസ്ഥിതി, വനംവകുപ്പിൽ റേഞ്ച് ഓഫീസർ. മൂന്നാമത്തെയാൾ 20 വർഷമായി ഫീൽഡ് പബ്ലിസിറ്റിവകുപ്പിൽ അസിസ്റ്റന്റ്. നാലാമത്തെയാൾ 13 വർഷമായി കൃഷിവകുപ്പിൽ സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ്. മൃഗസംരക്ഷണവകുപ്പിലെ സ്ഥിരം ജീവനക്കാരായ രണ്ടുപേരെക്കൂടി പുതിയ നിയമനലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. നിലവിലെ ജോലിക്കുപുറമേ അധികചുമതലയാണ് നിയമനം.
ഇപ്പോൾ ചെയ്യുന്ന ജോലിക്കുപുറമേ വിവിധ ദ്വീപുകളിൽ പോയി മൃഗചികിത്സ നടത്തണമെന്ന നിർദേശം പ്രായോഗികമല്ലെന്ന് ഡോ. സി പി അബ്ദുൾ കബീർ പറഞ്ഞു. എത്രയുംവേഗം യോഗ്യരായ സർജൻമാരെ നിയമിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ലക്ഷദ്വീപിലെ ചികിത്സാസൗകര്യങ്ങളുടെ അപര്യാപ്തതകൂടി പരിഗണിച്ചാണ് മൂന്നാഴ്ചയ്ക്കകം നിയമനം നടത്താൻ ഉത്തരവിട്ടത്. കോടതിവിധിയെ കുറുക്കുവഴിയിലൂടെ മറികടക്കാനുള്ള നീക്കത്തിനെതിരെ കോടതിയലക്ഷ്യഹർജി നൽകുമെന്നും ഡോ. സി പി അബ്ദുൾ കബീർ പറഞ്ഞു.