തിരുവനന്തപുരം
സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം അഞ്ചുവർഷംകൂടി തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ജിഎസ്ടി കൗൺസിലിലും കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. തികച്ചും ന്യായമായ പ്രശ്നത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്നും മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു.
ജിഎസ്ടി നടപ്പായപ്പോഴുണ്ടായ വരുമാനനഷ്ടം പരിഹരിക്കാനാണ് കേന്ദ്രം നഷ്ടപരിഹാര വ്യവസ്ഥ ഏർപ്പെടുത്തിയത്. അഞ്ചുവർഷ കാലാവധി ജൂണിൽ അവസാനിച്ചു. ഇതിനകം രാജ്യത്തെ നികുതിവ്യവസ്ഥയും നടപടിയും സ്ഥായിയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
കോവിഡ് സംസ്ഥാനങ്ങളുടെ സമ്പദ്വ്യവസ്ഥയെ കാര്യമായി ബാധിച്ചു. അതിനുമുമ്പ് രണ്ടുവർഷം കേരളം പ്രകൃതിദുരന്തങ്ങളെ അഭിമുഖീകരിക്കുകയായിരുന്നു. ഈ അവസ്ഥയിലും കടമെടുപ്പു പരിധിയിൽ കേന്ദ്രം നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് പ്രതിസന്ധിയിലാക്കുന്നു. കേരളത്തിന് ലഭിക്കേണ്ട കേന്ദ്ര നികുതി വരുമാനവും കുറയുന്നു. റവന്യു കമ്മി ഗ്രാന്റും അവസാനിക്കുകയാണ്. ഈ സാഹചര്യത്തിൽ ജിഎസ്ടി നഷ്ടപരിഹാരം അനിവാര്യമാണെന്നും കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.