തിരുവനന്തപുരം
സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റിലും പരിസ്ഥിതി ലോല മേഖല നടപ്പാക്കുമ്പോൾ ജനവാസമേഖല പൂർണമായി ഒഴിവാക്കണമെന്ന് നിയമസഭ ആവശ്യപ്പെട്ടു. ഇതിനായി കേന്ദ്ര സർക്കാർ നിയമ നടപടിയും നിയമ നിർമാണവും നടത്തണമെന്നും കേരളം ആവശ്യപ്പെട്ടു. മന്ത്രി എ കെ ശശീന്ദ്രൻ അവതരിപ്പിച്ച പ്രമേയം സഭ ഐകകണ്ഠ്യേന അംഗീകരിച്ചു.
ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി ലോല മേഖല ഉണ്ടായിരിക്കണമെന്നാണ് ജൂൺ മൂന്നിന് സുപ്രീംകോടതി ഉത്തരവിട്ടത്. ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സർക്കാർ തീരുമാനത്തെ ഇത് ബാധിക്കും. സംസ്ഥാനത്ത് 30 ശതമാനം വനമാണ്. ആകെ ഭൂപ്രദേശത്തിന്റെ 48 ശതമാനം പശ്ചിമഘട്ട മലനിരകളും. കൂടാതെ 590 കിലോമീറ്റർ കടൽത്തീരവും നിരവധി തടാകങ്ങളും കായലുകളും നെൽവയലുകളും മറ്റ് തണ്ണീർത്തടങ്ങളുമുണ്ട്. ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിൽ 900-നു മുകളിലാണ്. അതിനാൽ ജനവാസയോഗ്യമായ ഭൂപ്രദേശങ്ങൾ വളരെ കുറവാണ്. ജനവാസമേഖല പൂർണമായും ഒഴിവാക്കി സംസ്ഥാനം സമർപ്പിച്ച നിർദേശങ്ങൾ കേന്ദ്രത്തിന്റെ പരിഗണനയിലാണ്. അന്തിമ തീരുമാനം വരാനിരിക്കെയാണ് സുപ്രീംകോടതി വിധി.
പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് ഇതിൽനിന്ന് സംസ്ഥാനത്തെ ഒഴിവാക്കണം. ജനവാസ മേഖലകൾ, കൃഷിയിടങ്ങൾ, പൊതുസ്ഥാപനങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കി പരിസ്ഥിതി ലോല മേഖല നിശ്ചയിക്കണം. സംസ്ഥാനം സമർപ്പിച്ച നിർദേശങ്ങൾ പരിഗണിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും നിയമസഭ ആവശ്യപ്പെട്ടു.