കൊച്ചി
ആർഎസ്എസ് നിയന്ത്രിത എൻജിഒ ആയ എച്ച്ആർഡിഎസിലെ ‘പുറത്താക്കൽ നാടകം’ കൊച്ചിയിലും ആവർത്തിച്ച് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. ജോലി പോയെന്നും തന്റെ അന്നംമുട്ടുമെന്നുമാണ് വ്യാഴാഴ്ച സ്വപ്ന ചാനലുകളോട് പറഞ്ഞത്. ജീവനക്കാരെ നിയന്ത്രിക്കുന്നതിടക്കം അധികാരമുള്ള സ്ത്രീശാക്തീകരണ സമിതി അധ്യക്ഷസ്ഥാനത്ത് ഇരുന്നാണ് ഈ തട്ടിവിടൽ. സാമൂഹ്യസേവന താൽപ്പര്യം അറിഞ്ഞാണ് പുതിയ നിയമനമെന്നാണ് അതേക്കുറിച്ചുള്ള മറുപടി.
ക്രൈംബ്രാഞ്ച് മാനസികമായി പീഡിപ്പിക്കുകയാണെന്ന് സ്വപ്ന ആരോപിച്ചു. എച്ച്ആർഡിഎസിലെ ജോലി ഒഴിയണമെന്ന് ആവശ്യപ്പെട്ടു. കോടതിയിൽ നൽകിയ രഹസ്യമൊഴി എന്താണെന്ന് ചോദിച്ചു. വക്കീലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. വീണാ വിജയന്റെ ബിസിനസ് ഇടപാടുകളെക്കുറിച്ചുള്ള ആരോപണത്തിന് ആധാരമായ രേഖകൾ എവിടെയെന്ന് ക്രൈംബ്രാഞ്ച് ചോദിച്ചുവെന്നും അവർ പറഞ്ഞു. സംഘപരിവാർ സംഘടനകളുടെ അഭിഭാഷകനായ ആർ കൃഷ്ണരാജിന്റെ ഓഫീസിലെ കൂടിയാലോചനയ്ക്ക് ശേഷമാണ് സ്വപ്ന മാധ്യമങ്ങളെ വിളിച്ചുവരുത്തിയത്.
ഫോണുകൾ പരിശോധിക്കും
സ്വർണക്കടത്ത്, ഡോളർകടത്ത് കേസുകളിലെ പ്രധാന പ്രതി സ്വപ്ന സുരേഷിന്റെ ഫോണുകൾ ശാസ്ത്രീയപരിശോധനയ്ക്കായി നൽകി. ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ടാണ് ഫോൺപരിശോധന. സ്വർണക്കടത്ത് കേസിലെ ഒന്നാംപ്രതി പി എസ് സരിത് ബുധനാഴ്ചയാണ് ക്രൈംബ്രാഞ്ച് അന്വേഷകസംഘത്തിന് സ്വപ്നയുടെയും മകന്റെയും ഫോണുകൾ കൈമാറിയത്. തിരുവനന്തപുരം ഫോറൻസിക് ലാബിലായിരിക്കും പരിശോധന.
സ്വപ്നയുടെ ഫോണിൽനിന്ന് എഡിറ്റ് ചെയ്ത ശബ്ദരേഖ അന്വേഷകസംഘം കണ്ടെത്തി. ഷാജ് കിരണുമായുള്ള ഫോൺസംഭാഷണം പാലക്കാട് എച്ച്ആർഡിഎസിൽ വിളിച്ച വാർത്താസമ്മേളനത്തിൽ സ്വപ്ന പുറത്തുവിട്ടിരുന്നു. ഇതിന്റെ എഡിറ്റ് ചെയ്ത പതിപ്പുകളാണ് കണ്ടെത്തിയത്. ഇരുവരുടെയും സംഭാഷണത്തിൽനിന്ന് നീക്കിയ ഭാഗങ്ങൾ ശാസ്ത്രീയപരിശോധനയിലൂടെ കണ്ടെത്താനാണ് ശ്രമിക്കുന്നത്. ഷാജ് കിരണിന്റെ ഫോണും ശാസ്ത്രീയപരിശോധനയ്ക്ക് കൈമാറിയിട്ടുണ്ട്. സ്വപ്നയെ എച്ച്ആർഡിഎസിന് പരിചയപ്പെടുത്തിയ പാലക്കാട് സ്വദേശി അനിൽകുമാറിനെ അന്വേഷകസംഘം ചോദ്യംചെയ്യും. ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അനിൽകുമാറിന് നോട്ടീസ് നൽകി.