കൊച്ചി
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലേക്ക് വീണ്ടും പരിശോധനയ്ക്കയച്ചു. ഹൈക്കോടതിയുടെ അനുമതി ലഭിച്ചതിനെത്തുടർന്നാണിത്.
ഒരാഴ്ചയ്ക്കകം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. മൂന്നുദിവസത്തിനകം ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ.
കോടതി കസ്റ്റഡിയിലിരിക്കെ അനധികൃതമായി തുറന്നുവെന്ന ആരോപണത്തിന്റെ വസ്തുത അറിയാനായാണ് പരിശോധന. മെമ്മറി കാർഡ് തുറന്നാൽ ഹാഷ് വാല്യൂ മാറും. തുറന്ന തീയതിയും ലഭിക്കും. ഈ സമയം മെമ്മറി കാർഡ് ഏത് കോടതിയിലായിരുന്നു, അവിടെയുണ്ടായിരുന്ന ജീവനക്കാർ ആരൊക്കെ എന്നും മനസ്സിലാക്കാം. പരിശോധനാ റിപ്പോർട്ട് സീൽചെയ്ത കവറിൽ വിചാരണക്കോടതിക്ക് കൈമാറാനാണ് ഹൈക്കോടതി നിർദേശം.
തുടരന്വേഷണത്തിന് കൂടുതൽ
സമയം ആവശ്യപ്പെട്ടേക്കും
തുടരന്വേഷണ കാലാവധി 15ന് അവസാനിക്കാനിരിക്കേ സമയം നീട്ടാൻ ആവശ്യപ്പെട്ട് അന്വേഷകസംഘം കോടതിയിൽ അപേക്ഷ നൽകിയേക്കും. മൂന്നുമാസംകൂടി തേടാനാണ് സാധ്യത. മെമ്മറി കാർഡിന്റെ പരിശോധനഫലം വന്നശേഷമാകും തീരുമാനം. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന് കണ്ടെത്തിയാൽ അന്വേഷണം ഇനിയും നീളും.