തിരുവനന്തപുരം
കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ നേരിയ വർധനയിൽ ആശങ്ക വേണ്ടെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. വർധന പ്രതീക്ഷിച്ചതാണ്. എല്ലാം കേസും ഒമിക്രോൺ മൂലമാണ്. കൊതുക്, ജന്തുജന്യ രോഗങ്ങൾ വർധിക്കാനിടയുണ്ട്. പകർച്ചപ്പനി മരണം മുൻവർഷത്തേക്കാൾ കുറവാണ്. മൂന്നു തരംഗവും അതിജീവിച്ചാണ് മുന്നോട്ടുപോകുന്നത്. ശിശുമരണനിരക്ക് 2000 മുതൽ 2015 വരെ മാറ്റമില്ലാതെയാണ് തുടർന്നത്. 2016ൽ ഇത് ഒറ്റ അക്കത്തിൽ എത്തിച്ചു. കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയത് കേരളമാണ്.
രാജ്യത്ത് ആദ്യമായി കേരളത്തിലാണ് ജനറൽ ആശുപത്രിയിൽ ഹൃദയശസ്ത്രക്രിയ വിജയിപ്പിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയുടെ നിലവാരമുയർത്താൻ പദ്ധതി ആവിഷ്കരിച്ചു. തിരുവനന്തപുരത്ത് തുടക്കമായി. ഹീമോഫീലിയ രോഗികൾക്ക് സൗജന്യ ചികിത്സയാണ് നൽകുന്നത്. ഓക്സിജന്റെ കാര്യത്തിൽ സംസ്ഥാനം സ്വയംപര്യാപ്തത നേടി. ആരോഗ്യവകുപ്പിന്റെ നഷ്ടമായ ഫയലുകൾ കെഎംസിസിയുമായോ, മരുന്നു വാങ്ങിയതുമായോ ബന്ധപ്പെട്ടവയല്ല. യുഡിഎഫ് സർക്കാരിന്റെ കാലത്തേത് ഉൾപ്പെടെയുള്ളവ നഷ്ടമായിട്ടുണ്ട്. 2025 ഓടെ ക്ഷയം, കുഷ്ഠം, മലമ്പനി തുടങ്ങിയ രോഗങ്ങളെ സംസ്ഥാനത്തുനിന്ന് പൂർണമായും നിർമാർജനം ചെയ്യും. സംസ്ഥാനത്ത് അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.