തിരുവനന്തപുരം
മന്ത്രിസ്ഥാനത്തുനിന്ന് മാറിയ സജി ചെറിയാന് നിയമസഭയിൽ നേതൃനിരയിൽത്തന്നെ സ്പീക്കർ ഇരിപ്പിടം അനുവദിച്ചു. ഭരണപക്ഷത്ത് രണ്ടാംനിരയിൽ മുതിർന്ന അംഗം കെ കെ ശൈലജയ്ക്കു സമീപമാണ് പുതിയ ഇരിപ്പിടം. എല്ലാവരുമായി സൗഹൃദം പങ്കുവച്ച സജി ചെറിയാൻ സഭയിലാകെ സാന്നിധ്യവും അറിയിച്ചു.
മന്ത്രിസ്ഥാനം ഉപേക്ഷിച്ചതിൽ അഭിമാനം മാത്രമാണുള്ളതെന്ന പ്രതികരണത്തോടെയാണ് അദ്ദേഹം നിയമസഭയിൽ എത്തിയത്. വിഷമം ‘പങ്കിടാൻ’ എത്തിയ മാധ്യമ പ്രവർത്തകർക്ക്, ചുമതല ഉപേക്ഷിക്കേണ്ടിവന്നതിൽ ഒരു വിഷമവുമില്ലെന്നായിരുന്നു മറുപടി. പാർടി നിലപാട് ഉയർത്തിപ്പിടിക്കാനായതിൽ അഭിമാനം മാത്രമാണുള്ളതെന്നും ചോദ്യത്തിന് മറുപടി നൽകി. സഭയ്ക്കകത്ത് മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെ സൗഹൃദ സംഭാഷണങ്ങൾക്ക് അദ്ദേഹത്തിനടുത്തെത്തി.