തിരുവനന്തപുരം
സാമൂഹ്യസുരക്ഷ, ക്ഷേമ പെൻഷനുകളിൽ അനാവശ്യ ആശങ്ക സൃഷ്ടിക്കാൻ പ്രതിപക്ഷ ശ്രമം. വ്യാഴാഴ്ച നിയമസഭയിൽ അടിയന്തരപ്രമേയ അവതരണത്തിന് അനുമതി തേടിയായിരുന്നു യുഡിഎഫ് നേതാക്കളുടെ മുതലക്കണ്ണീർ ഒഴുക്കൽ. കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് കമ്പനിക്ക് വായ്പയെടുക്കാൻ സർക്കാർ നൽകുന്ന ഉറപ്പ് പിൻവലിച്ചെന്നും ഇത് പെൻഷൻ മുടങ്ങാനിടയാക്കുമെന്നുമുള്ള പ്രചാരണത്തിനായിരുന്നു ശ്രമം. കേരള ജനസംഖ്യയുടെ അഞ്ചിലൊന്ന് വരുന്ന മുതിർന്ന പൗരന്മാരെ അസ്വസ്ഥരാക്കാവുന്ന ആരോപണം ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ മറുപടിയിൽ തകർന്നടിഞ്ഞു.
മാത്യു കുഴൽനാടനാണ് അടിയന്തരപ്രമേയ അവതരണ നോട്ടീസിലൂടെ ആരോപണമുയർത്തിയത്. എട്ടുമുതൽ 18 മാസംവരെ പെൻഷൻ മുടക്കിയ യുഡിഎഫ് ഭരണകാലത്തെ ഓർമിപ്പിച്ച് ധനമന്ത്രി മറുപടി നൽകി. യുഡിഎഫ് സർക്കാർ അഞ്ചുവർഷം ക്ഷേമപെൻഷന് നീക്കിവച്ചത് 9311 കോടി രൂപ. കഴിഞ്ഞ എൽഡിഎഫ് സർക്കാർ അഞ്ചുവർഷത്തിൽ വിതരണം ചെയ്തത് 35,157 കോടിയും. ഈ സർക്കാർ ഒരുവർഷത്തിൽ 12,000 കോടിയോളം രൂപ നൽകിയതായും ധനമന്ത്രി പറഞ്ഞു. ട്രഷറിയിൽ പണം വരുന്നതിനനുസരിച്ച് പെൻഷൻ വിതരണംചെയ്തിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയാണ് പെൻഷൻ കമ്പനി രൂപീകരിച്ചത്. വായ്പകൾക്ക് സർക്കാർ ഉറപ്പും ലഭ്യമാക്കി. ഇതുവഴി എല്ലാ മാസവും കൃത്യമായി പെൻഷന് പണലഭ്യത ഉറപ്പാക്കി. 57 ലക്ഷം കുടുംബത്തിന് പെൻഷൻ നൽകുന്നു. 42 ലക്ഷം കുടുംബത്തിന് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമുണ്ട്. ആലംബമില്ലാത്തവരാരും ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെ സർക്കാർ പ്രവർത്തിക്കുമ്പോൾ, അനാവശ്യ ആശങ്കയുയർത്താൻ ശ്രമിക്കരുതെന്നും ധനമന്ത്രി പറഞ്ഞു. തുടർന്ന് പ്രമേയാവതരണത്തിന് സ്പീക്കർ എം ബി രാജേഷ് അനുമതി നിഷേധിച്ചു.
പെൻഷൻ വിതരണം അപകടകരമായ നിലയിലേക്ക് പോകുമെന്നായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തുടർന്ന് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.