തിരുവനന്തപുരം
മാധ്യമപ്രവർത്തകർ വസ്തുത മനസ്സിലാക്കിവേണം നിയമസഭാ നടപടി റിപ്പോർട്ട് ചെയ്യേണ്ടതെന്ന് സ്പീക്കർ എം ബി രാജേഷ്. കീഴ്വഴക്കങ്ങളും സഭാ നടപടികളും പഴയകാലവുമൊന്നും ഓർക്കാതെയാണ് മാധ്യമ റിപ്പോർട്ട്. ചോദ്യോത്തര, ശൂന്യവേളകൾ റദ്ദാക്കി സഭ അസാധാരണമാംവിധം നേരത്തേ പിരിഞ്ഞെന്ന് കഴിഞ്ഞദിവസം വാർത്ത നൽകിയതും പ്രതിപക്ഷം ഈ ആരോപണം സഭയ്ക്കുപുറത്ത് ഉന്നയിച്ചതും സംബന്ധിച്ച് സ്പീക്കർ സഭയ്ക്ക് നൽകിയ തീർപ്പി (റൂളിങ്) ലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബുധനാഴ്ച ചോദ്യോത്തരവേളയിൽ എട്ട് പ്രതിപക്ഷ അംഗങ്ങളെ ചോദ്യം ഉന്നയിക്കാൻ ക്ഷണിച്ചു. ആരും പങ്കെടുത്തില്ല. പ്ലക്കാർഡുകൾ ഉയർത്തി, മുദ്രാവാക്യം മുഴക്കി പ്രതിഷേധിക്കുകയായിരുന്നു. മുഖ്യമന്ത്രി എഴുന്നേറ്റപ്പോഴും ചോദ്യകർത്താവ് ഉന്നയിക്കാൻ തയ്യാറായില്ല. തുടർന്നാണ് മറ്റ് നടപടികൾ റദ്ദാക്കി ധനകാര്യത്തിലേക്ക് കടന്നത്. സ്പീക്കറുടെ ഉത്തരവാദിത്വം നിർവഹിച്ചതിനെതിരെ നിരുത്തരവാദപരമായ ചില പരാമർശങ്ങൾ വിവിധ കോണുകളിൽനിന്ന് ഉയർന്നു. മുമ്പും ഇതിനേക്കാൾ നേരത്തേ സഭ പിരിഞ്ഞ സാഹചര്യമുണ്ടായിട്ടുണ്ടെന്നും സ്പീക്കർ തീർപ്പിൽ വ്യക്തമാക്കി.