തിരുവനന്തപുരം
തന്ത്രപ്രധാന മേഖലയിൽപ്പോലും സ്വകാര്യ മൂലധന കമ്പനികൾക്ക് കേന്ദ്ര സർക്കാർ അവസരം നൽകുകയാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
ഇൽമനേറ്റ് പോലുള്ള ധാതുക്കളുടെ ഉടമസ്ഥാവകാശം ഭരണഘടനാപരമായി സംസ്ഥാനങ്ങൾക്കാണ്. എന്നാൽ, ഇവയിലും തീരുമാനമെടുക്കാനുള്ള അവകാശം കേന്ദ്രം കവരുന്നു. ഭരണഘടനയ്ക്ക് കടകവിരുദ്ധമായ കാര്യങ്ങളാണ് കേന്ദ്രം ചെയ്യാൻ ശ്രമിക്കുന്നത്.
ഖനനമടക്കമുള്ളവ സ്വകാര്യ കുത്തകകൾക്ക് ലഭിച്ചാൽ പാരിസ്ഥിതികാഘാതമുണ്ടാകുമെന്ന ആശങ്ക കേന്ദ്രത്തെ അറിയിച്ചു. മുഖ്യമന്ത്രി നിരവധി തവണ കേന്ദ്രത്തിന് കത്തയച്ചു. നിയമനടപടി പരിശോധിച്ചശേഷം വീണ്ടും കത്ത് നൽകും. പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ഏറ്റെടുക്കാൻ കേരളം ലേലത്തിൽ പങ്കെടുത്തെങ്കിലും ബിഡ് തള്ളിയെന്നാണ് അറിയിച്ചത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ പലതും സംസ്ഥാനത്തിന്റെ ഭൂമിയിലാണ്. ഇത് കേന്ദ്രം പരിഗണിക്കുന്നില്ല. ഇതിനെ നിയമപരമായി നേരിടുമെന്നും മന്ത്രി പറഞ്ഞു.
ലക്ഷ്യം കൂടുതൽ
സംരംഭങ്ങൾ
സംസ്ഥാനത്ത് മൂന്നു മാസത്തിനിടെ 34,303 സംരംഭം രജിസ്റ്റർ ചെയ്തതായി വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. 2409 കോടി രൂപയുടെ നിക്ഷേപമുണ്ടായി. സംരംഭകർക്ക് നാലു ശതമാനം പലിശയ്ക്ക് വായ്പ നൽകാൻ 37 ബാങ്ക് സന്നദ്ധരായി. വ്യവസായവകുപ്പിനു കീഴിൽ സംരംഭകർക്ക് സഹായം നൽകാൻ എംബിഎ, ബിടെക് യോഗ്യതയുള്ള 1153 ഇന്റേണികളെ ചുമതലപ്പെടുത്തി. ഏകദേശം 80,000 പേർ സംരംഭകരാകാൻ താൽപ്പര്യം പ്രകടിപ്പിച്ചു. 26 പൊതുമേഖലാ സ്ഥാപനം ലാഭത്തിലാണ്. നേരത്തേ ഇത് 16 ആയിരുന്നു.
വ്യവസായമേഖലയിൽ കൂടുതൽ സംരംഭമാണ് സർക്കാർ നയം. വ്യവസായ സംരംഭങ്ങൾക്ക് ഭൂമി കണ്ടെത്തുന്നത് സംബന്ധിച്ച കിൻഫ്രയുടെ പഠനത്തിൽ 361.42 ഏക്കർ അധികം കണ്ടെത്തി. ഇതിൽനിന്ന് ഒമ്പത് സ്ഥാപനത്തിന് 40 ഏക്കർ നൽകാനുള്ള പദ്ധതി തയ്യാറാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.