ലണ്ടൻ
വനിതാ യൂറോ കപ്പ് ഫുട്ബോളിന് ആതിഥേയർക്ക് വിജയത്തുടക്കം. ഉദ്ഘാടനമത്സരത്തിൽ ഇംഗ്ലണ്ട് ഓസ്ട്രിയയെ ഒറ്റഗോളിന് വീഴ്ത്തി. 16–-ാംമിനിറ്റിൽ അഴ്സണൽ മുന്നേറ്റക്കാരി ബെത് മീഡാണ് വിജയഗോൾ കുറിച്ചത്. ഓൾഡ്ട്രാഫോർഡിൽ 68,871 പേരാണ് കളി കാണാനെത്തിയത്. ആകെ 16 ടീമുകളാണ് ടൂർണമെന്റിൽ. നാല് ഗ്രൂപ്പുകളിലായാണ് മത്സരം. നെതർലൻഡ്സാണ് നിലവിലെ ജേതാക്കൾ.
ലോകറാങ്കിങ്ങിൽ 21–-ാംസ്ഥാനക്കാരായ ഓസ്ട്രിയയോട് ഇംഗ്ലണ്ട് കഷ്ടപ്പെട്ടാണ് ജയിച്ചത്. എട്ടാംറാങ്കുകാരാണ് ഇംഗ്ലീഷ് പട. ഫ്രാൻ കിർബി നൽകിയ പാസിലാണ് ബെത് ഗോളടിച്ചത്. രണ്ടാംപകുതിയിൽ ഓസ്ട്രിയക്ക് അവസരങ്ങളുണ്ടായിട്ടും മുതലാക്കാനായില്ല. ഇന്ന് സ്പെയ്ൻ ഫിൻലൻഡിനെയും, എട്ടുതവണ ചാമ്പ്യൻമാരായ ജർമനി ഡെൻമാർക്കിനെയും നേരിടും.