കൊളംബോ
ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സര ഏകദിന ക്രിക്കറ്റ് പരമ്പരയിൽ സമ്പൂർണ ജയവുമായി ഇന്ത്യൻ വനിതകൾ. അവസാനത്തെ കളിയിൽ 39 റണ്ണിനാണ് ജയം. ക്യാപ്റ്റൻ ഹർമൻപ്രീതിന്റെ മികവിലാണ് തുടർച്ചയായ മൂന്നാംജയം കുറിച്ചത്. 88 പന്തിൽ 75 റണ്ണടിച്ച ക്യാപ്റ്റൻ ഒരു വിക്കറ്റും നേടി. കളിയിലെയും പരമ്പരയുടെയും താരം ഹർമനാണ്.
സ്കോർ: ഇന്ത്യ 9–-255 ലങ്ക 216 (47.3)
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തുടക്കം തകർന്നു. 6–-124 എന്ന നിലയിൽനിന്ന് പൂജ വസ്ത്രാകറെ (65 പന്തിൽ 56) കൂട്ടുപിടിച്ച് ഹർമൻ നയിച്ചു. ഇരുവരും ഏഴാം വിക്കറ്റിൽ 97 റണ്ണടിച്ചു. രണ്ട് സിക്സറും ഏഴ് ബൗണ്ടറിയും ഹർമൻ പറത്തി. ഓപ്പണർ ഷഫാലി വർമ 49 റൺ നേടി. മറുപടിയിൽ ലങ്ക തകർന്നു. നീലാക്ഷി ഡി സിൽവയാണ് (48) ടോപ്സ്കോറർ. ഇന്ത്യക്കായി രജേശ്വരി ഗെയ്ക്ക്വാദ് മൂന്ന് വിക്കറ്റ് വീഴ്ത്തി.