ലണ്ടൻ
വനിതാ ടെന്നീസിൽ ഇന്ത്യയുടെ അഭിമാനമായിരുന്ന സാനിയ മിർസ തോൽവിയോടെ വിംബിൾഡണിൽനിന്ന് വിടപറഞ്ഞു. മിക്സഡ് ഡബിൾസ് സെമിയിൽ ക്രൊയേഷ്യക്കാരൻ മേറ്റ് പവിച്ചിനൊപ്പം വിജയത്തിന് അടുത്തെത്തിയാണ് കീഴടങ്ങിയത്. ആദ്യ സെറ്റ് നേടിയശേഷം രണ്ടാംസെറ്റിൽ മുന്നിട്ടുനിന്നിട്ടും വിജയം നേടാനായില്ല. നിലവിലെ ചാമ്പ്യൻമാരായ നീൽ എസ്കുപ്സ്കി (ബ്രിട്ടൻ)–-ഡെസിറായി ക്രോസിക് (അമേരിക്ക) കൂട്ടുകെട്ട് 4–-6, 7–-5, 6–-4ന് ജയിച്ചുകയറി.
ഈ സീസണോടെ വിടവാങ്ങൽ പ്രഖ്യാപിച്ച മുപ്പത്തഞ്ചുകാരിയുടെ അവസാന വിംബിൾഡണായിരുന്നു. ഇവിടെമാത്രം കിരീടം നേടാൻ സാധിച്ചില്ല. മിക്സഡ് ഡബിൾസിൽ രണ്ടുതവണ യുഎസ് ഓപ്പണും ഓരോതവണ ഫ്രഞ്ച് ഓപ്പണും ഓസ്ട്രേലിയൻ ഓപ്പണും സ്വന്തമാക്കി. വിംബിൾഡൺ എല്ലാക്കാലത്തും നഷ്ടസ്മൃതിയായിരിക്കുമെന്ന് അവസാന കളിക്കുശേഷം സമൂഹമാധ്യമത്തിൽ കുറിപ്പിട്ടു.