സതാംപ്ടൺ
ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് മികവിൽ ഇന്ത്യക്ക് ജയം. ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി–-20 ക്രിക്കറ്റിൽ 50 റണ്ണിനാണ് ജയിച്ചുകയറിയത്. കന്നി അർധസെഞ്ചുറി നേടിയ ഹാർദിക് (33 പന്തിൽ 51 ) നാല് വിക്കറ്റും നേടി കളിയിലെ താരമായി.
സ്കോർ: ഇന്ത്യ 8–-198, ഇംഗ്ലണ്ട് 148 (19.3)
ഹാർദിക് നാല് ഓവറിൽ 33 റൺ വഴങ്ങിയാണ് നാല് വിക്കറ്റെടുത്തത്. അരങ്ങേറ്റത്തിൽ അർഷ്ദീപ് സിങ് രണ്ട് വിക്കറ്റെടുത്തു. ചഹാലിനും രണ്ട് വിക്കറ്റുണ്ട്. ഇംഗ്ലണ്ട് നിരയിൽ മൊയീൻ അലിയാണ്(36) ടോപ് സ്കോറർ. ആദ്യ പന്തിൽ ക്യാപ്റ്റൻ ജോസ് ബട്ലറെ (0)വീഴ്ത്തി ഭുവനേശ്വർകുമാർ നൽകിയ ആഘാതത്തിൽനിന്നും ഇംഗ്ലണ്ട് മോചിതരായില്ല. ആറു തവണ ഇന്ത്യൻ ഫീൽഡർമാർ ‘ക്യാച്ച്’ നഷ്ടപ്പെടുത്തി. ടോസ് നേടി ബാറ്റ് ചെയ്യാൻ തീരുമാനിച്ചെങ്കിലും ഇന്ത്യക്ക് മികച്ചതുടക്കം കിട്ടിയില്ല. രോഹിത് ശർമയും (24) ഇഷാൻ കിഷനും (8) വേഗം മടങ്ങി. എന്നാൽ, ദീപക് ഹൂഡയും സൂര്യകുമാർ യാദവും അവസരത്തിനൊത്ത് ഉയർന്നു. ഹൂഡ 17 പന്തിൽ 33 റണ്ണടിച്ചു. സൂര്യകുമാർ 19 പന്തിൽ 39 റൺ നേടി. നാളെ രാത്രി ഏഴിന് ബർമിങ്ഹാമിലാണ് രണ്ടാമത്തെ മത്സരം.