കാസർകോട്
കർണാടക തീരംവരെ നിലനിന്ന ന്യൂനമർദ പാത്തി തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരംവരെ വ്യാപിച്ചു. കേരളത്തിൽ വരും മണിക്കൂറിലും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
മധ്യ വടക്കൻ കേരളത്തിൽ പ്രത്യേകിച്ച് കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ശക്തമായ മഴ തുടരാനാണ് സാധ്യത. കഴിഞ്ഞ എട്ടുദിവസത്തിനിടെ ഏറ്റവും കൂടുതൽ പെയ്തത് കാസർകോട് ജില്ലയിലാണ്. ഒരാഴ്ചക്കിടെ ഏറ്റവും കൂടുതൽ മഴ കിട്ടിയത് കണ്ണൂർ ജില്ലയിലെ പയ്യാവൂരാണ് (728.5 മില്ലീ മീറ്റർ). പിന്നാലെ പുളിങ്ങോം, മഞ്ചേശ്വരം, ഉപ്പള, കൊട്ടിയൂർ, പൈക്ക, പെരിങ്ങോം എന്നിവിടങ്ങളിലും കനത്ത മഴ കിട്ടി.
കാസർകോട് കാലവർഷം തുടങ്ങി ആദ്യ 30 ദിവസം 478.3 മില്ലിമീറ്റർ മഴ ലഭിച്ചപ്പോൾ തുടർന്നുള്ള ഒരാഴ്ചമാത്രം 433.9 മില്ലീമീറ്ററും മഴ കിട്ടി.
33 ശതമാനം മഴക്കുറവ്
ജൂൺ ഒന്നുമുതൽ ജൂലൈ ഏഴുവരെയുള്ള കണക്കിൽ കേരളത്തിൽ 33 ശതമാനം മഴക്കുറവുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ കാലവർഷ റിപ്പോർട്ടിൽ പറയുന്നു. ഈ കാലയളവിൽ ഏറ്റവും കൂടുതൽ മഴ കിട്ടിയ കാസർകോട് ജില്ലയിൽമാത്രമാണ് ഭേദപ്പെട്ട അവസ്ഥ. അവിടെ 19 ശതമാനംമാത്രമാണ് മഴക്കുറവുണ്ടായത്. മൊത്തം 972.5 മില്ലീമീറ്റർ മഴ പെയ്തു. ഏറ്റവും കുറവ് മഴ പെയ്തത് തിരുവനന്തപുരത്തും. ഇവിടെ 257.6 മില്ലീമീറ്റർ മഴ കിട്ടി. ജൂൺ അവസാനിക്കുമ്പോൾ 52 ശതമാനം മഴക്കുറവായിരുന്ന സംസ്ഥാനത്ത് ഒരാഴ്ച കഴിഞ്ഞപ്പോൾ 33 ശതമാനമായി കുറഞ്ഞു.
നാശം വിതച്ച് മഴ തുടരുന്നു
കനത്തനാശം വിതച്ച് മഴ തുടരുന്നു. മംഗളൂരുവിൽ വീടിനു മുകളിൽ മണ്ണിടിഞ്ഞുവീണ് മൂന്ന് മലയാളികൾ മരിച്ചു. മലപ്പുറം തേഞ്ഞിപ്പലം പള്ളിക്കൽ ബസാറിൽ തോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. അടിമാലി ദേവിയാർപുഴയിൽ മീൻപിടിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ധനുവച്ചപുരത്ത് ടോറസ് ലോറി വഴുത്തോട്ടുകോണം കുളത്തിലേക്ക് മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. നിലമ്പൂരിൽ രക്ഷാപ്രവർത്തനത്തിന് മത്സ്യത്തൊഴിലാളികൾ എത്തി. കണ്ണൂർ, കാസർകോട് ജില്ലകളിലെ ഏല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.
അടിമാലി- –കുമളി ദേശീയപാത 185ൽ പനംകുട്ടിക്കും കല്ലാർകുട്ടിക്കും ഇടയിൽ പാറയുംമണ്ണും ഇടിഞ്ഞ് ഗതാഗതം സ്തംഭിച്ചു. വയനാട് ബോയ്സ് ടൗൺ പാൽച്ചുരത്തിൽ പാറ വീണ് മുടങ്ങിയ ഗതാഗതം പുനഃസ്ഥാപിച്ചു. കോഴിക്കോട് കക്കയം ജലസംഭരണി ഷട്ടർ തുറന്നു. തീരങ്ങളിൽ കടലാക്രമണം രൂക്ഷമാണ്. മാവേലിക്കര പുറക്കാട്ട് ദുരിതാശ്വാസ ക്യാമ്പ് തുറന്നു.20 വീട് ഭാഗികമായും ഒരുവീട് പൂർണമായും തകർന്നെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 1.62 കോടിയുടെ കൃഷിനാശമുണ്ടായി. 6255.31 ഹെക്ടർ കൃഷി നശിച്ചു. ജൂൺ ഒന്നുമുതൽ ജൂലൈ ഏഴുവരെയുള്ള കണക്കാണ് ഇത്.
വരുംദിവസങ്ങളിലും ഇടിമിന്നലോടുകൂടി വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുനൽകി. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പുനൽകി. കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ 11 വരെ മത്സ്യബന്ധനത്തിന് പോകരുത്.