തിരുവനന്തപുരം
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 2022–-23 വർഷത്തെ ആറാം പ്രവൃത്തിദിനത്തിലെ കണക്കുകൾ പ്രകാരം രണ്ടുമുതൽ 10 വരെ ക്ലാസുകളിലായി 1,19,970 കുട്ടികൾ അധികമായെത്തി. ഇവരിൽ 44,915 പേർ ഗവ. സ്കൂളുകളിലും 75,066 പേർ എയ്ഡഡ് വിദ്യാലയങ്ങളിലുമാണ് പ്രവേശനം നേടിയത്.
പുതുതായി എത്തിയവരിൽ 24 ശതമാനം കുട്ടികൾ അംഗീകൃത അൺഎയ്ഡഡ് വിദ്യാലയങ്ങളിൽനിന്ന് വന്നവരും ശേഷിക്കുന്ന 76 ശതമാനം പേർ മറ്റിതര സിലബസുകളിൽനിന്നും വന്നവരാണ്. പൊതുവിദ്യാലയങ്ങളിൽ കൂടുതൽ കുട്ടികൾ പുതുതായി പ്രവേശനം നേടിയത് അഞ്ചാം ക്ലാസിലാണ് (32,545 കുട്ടികൾ). എട്ടാം ക്ലാസിൽ 28,791 പേരും പ്രവേശനം നേടി. ഒന്നാം ക്ലാസിൽ 45,573 കുട്ടികളുടെ കുറവ് രേഖപ്പെടുത്തി.
കൂടുതൽ കുട്ടികൾ മലപ്പുറം ( 20.35 ശതമാനം) ജില്ലയിലും കുറവ് കുട്ടികൾ പത്തനംതിട്ടയിലുമാണ് (2.25ശതമാനം) പ്രവേശനം നേടിയത്. ഈ അധ്യയനവർഷത്തെ ആകെ കുട്ടികളിൽ 67 ശതമാനം (21,83,908) പേർ ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവരും 33 ശതമാനം (16,48,487) ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുമാണ്. ഈ വർഷം ആകെ കുട്ടികളുടെ എണ്ണം മുൻവർഷത്തേതുമായി താരതമ്യപ്പെടുത്തുമ്പോൾ സർക്കാർ സ്കൂളുകളിൽ 1, 4, 10 ക്ലാസുകൾ ഒഴികെയും എയ്ഡഡ് വിദ്യാലയങ്ങളിൽ 1, 4, 7, 10 ക്ലാസുകൾ ഒഴികെയും എല്ലാ ക്ലാസിലും കുട്ടികളുടെ എണ്ണം വർധിച്ചു. തുടർച്ചയായ അഞ്ചാം വർഷമാണ് പൊതുവിദ്യാലങ്ങളിൽ കുട്ടികൾ വർധിക്കുന്നത്.