ലണ്ടൻ
ഇന്ത്യൻ വംശജനായ മുൻ ധനമന്ത്രി റിഷി സുനാക്, പാക് വംശജനായ മുൻ മന്ത്രി സാജിദ് ജാവിദ് എന്നിങ്ങനെ പ്രധാനമന്ത്രി സാധ്യതാ പട്ടികയിലുള്ളവരുടെ എണ്ണമേറുന്നു. ബോറിസ് മന്ത്രിസഭയിലെ രണ്ടാമൻ എന്ന നിലയിൽ ശ്രദ്ധേയനായ റിഷി കൺസർവേറ്റുകളുടെ ഭാവി പടത്തലവൻ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു.
കോവിഡ് കാലത്ത് സർക്കാരിന്റെ ജനകീയമുഖം. ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകളുടെ ഭർത്താവ്. ഭാര്യ അക്ഷത മൂർത്തി വരുമാനത്തിന് അനുസൃതമായി നികുതി അടച്ചില്ലെന്ന വിവാദം ജനപ്രീതിയെ ബാധിച്ചു. 2019ൽ പാർടി നേതൃസ്ഥാനത്തേക്ക് മത്സരിച്ച് അവസാന നാലിലെത്തിയ സാജിദ് ജാവിദ് ബോറിസിനോടാണ് അന്ന് പരാജയപ്പെട്ടത്. ഇക്കുറി വീണ്ടും മത്സരിച്ചേക്കും. ആരോഗ്യ സെക്രട്ടറി സ്ഥാനത്തുനിന്നാണ് രാജിവച്ചത്.
ഉക്രയ്ൻ യുദ്ധത്തിൽ റഷ്യക്കെതിരായ ബ്രിട്ടീഷ് നീക്കത്തിൽ നിർണായക പങ്കുള്ള വിദേശ സെക്രട്ടറി ലിസ് ട്രസും പ്രധാനമന്ത്രിപദത്തിലേക്ക് മത്സരിക്കാനുണ്ടാകും. ബ്രിട്ടന്റെ ആദ്യ വനിതാ പ്രതിരോധ സെക്രട്ടറിയും ബോറിസിന്റെ മുഖ്യ വിമർശകയുമായ പെന്നി മൊർഡൗന്റ്, നിലവിലെ പ്രതിരോധ സെക്രട്ടറി ബെൻ വാലസ്, ഇയുവിൽനിന്ന് ബ്രിട്ടൻ വേർപിരിയുന്നതിനെ ശക്തമായി എതിർത്തിരുന്ന ടോറി നേതാവ് ടോം ടെഗെൻഹാറ്റ്, അറ്റോർണി ജനറലായിരുന്ന സുയല്ല ബ്രവെർമൻ, 2019ലെ പാർടി നേതാവ് തെരഞ്ഞെടുപ്പിൽ രണ്ടാമതെത്തിയ മുൻ വിദേശ സെക്രട്ടറി ജെറെമി ഹണ്ട്, ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ തുടങ്ങിയവരും മത്സരത്തിനുണ്ടാകും.
പിന്‍ഗാമിയെ
കണ്ടെത്തുന്നത് എങ്ങനെ
സ്ഥാനമൊഴിഞ്ഞെങ്കിലും പുതിയ നേതാവിനെ കൺസർവേറ്റീവ് പാർടി കണ്ടെത്തുംവരെ ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായി തുടരും. പുതിയ നേതാവിനെ കണ്ടെത്താൻ പാർടി എംപിമാർക്കിടയിൽ വോട്ടെടുപ്പ് നടത്തും. എട്ട് എംപിമാരുടെ പിന്തുണയുള്ള ആർക്കും മത്സരിക്കാം. വോട്ടെടുപ്പില്‍ നിശ്ചിതശതമാനത്തില്‍ കുറവ് വോട്ടുകിട്ടുന്നവരെ ഘട്ടംഘട്ടമായി ഒഴിവാക്കും.
രണ്ടു സ്ഥാനാർഥികൾമാത്രം ശേഷിക്കെ നടത്തുന്ന വോട്ടെടുപ്പിൽ രാജ്യമെമ്പാടുമുള്ള കൺസർവേറ്റീവ് പാർടി അംഗങ്ങൾക്കും എംപിമാർക്കും വോട്ട് ചെയ്യാം. വിജയി പാർടിയുടെ പുതിയ നേതാവാകും. ഈ പ്രക്രിയ പൂർത്തിയാകുംവരെ ബോറിസിന് പ്രധാനമന്ത്രിസ്ഥാനത്ത് തുടരാം. മുൻഗാമികളായ തെരേസ മെയും ഡേവിഡ് കാമറൂണും ഇതേ കീഴ്വഴക്കമാണ് പിന്തുടർന്നത്.