കൊച്ചി
കെഎസ്ആർടിസി സിംഗിൾ ഡ്യൂട്ടി സംവിധാനത്തിലേക്ക് മാറുകയാണെന്ന് കോർപറേഷൻ ഹൈക്കോടതിയെ അറിയിച്ചു. ഡ്യൂട്ടിക്രമം ചോദ്യംചെയ്ത് ആർ ബാജി അടക്കം ഏതാനും ഡ്രൈവർമാർ സമർപ്പിച്ച ഹർജിയിലാണ് കോർപറേഷൻ സത്യവാങ്മൂലം നൽകിയത്. ജീവനക്കാരുടെ സേവനം ഫലപ്രദമായി ഉപയോഗിക്കുമെന്നും സിംഗിൾ ഡ്യൂട്ടി സംസ്ഥാനത്ത് ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും കോർപറേഷൻ അറിയിച്ചു. ആദ്യഘട്ടം പരീക്ഷണാടിസ്ഥാനത്തിൽ കണിയാപുരം, ആറ്റിങ്ങൽ ഡിപ്പോകളിലും തിരുവനന്തപുരം സിറ്റിയിലും നടപ്പാക്കും. കണിയാപുരം, ആറ്റിങ്ങൽ മോഡലുകൾ 2400 ഓർഡിനറി ബസുകളിൽ നടപ്പാക്കുകവഴി 24 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു.
ഒരു ജീവനക്കാരനെയും എല്ലാ ദിവസവും 10 മണിക്കൂറിലധികം ജോലി ചെയ്യിക്കില്ല. സാമ്പത്തികപ്രതിസന്ധിമൂലം എട്ടുമണിക്കൂറിലധികം ജോലി ചെയ്യുന്നവർക്ക് ഓവർടൈം ജോലിക്ക് വേതനം നൽകാനാകുന്നില്ല. നാലുമണിക്കൂർ അധികജോലി ചെയ്യുന്നവർക്ക് പകുതി ഡ്യൂട്ടിയായി കണക്കാക്കി വേതനം നൽകും. ആഴ്ചയിൽ നാലുദിവസം അധികജോലി ചെയ്യുന്നവർക്ക് ഒരു നിർബന്ധിത അവധി നൽകും. മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് ആക്ടിനുവിരുദ്ധമായി ജോലിക്രമം ഏർപ്പെടുത്തില്ല. നഷ്ടത്തിലായ കോർപറേഷനെ സാമ്പത്തികമായി മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്.
യൂണിയനുകളും കോർപറേഷനും 2021ൽ ഉണ്ടാക്കിയ കരാർപ്രകാരം ഡ്യൂട്ടി പാറ്റേൺ പരിഷ്കരിക്കാൻ ധാരണയുണ്ട്. മൂന്നു പ്രധാന യൂണിയനുകൾ സിംഗിൾ ഡ്യൂട്ടിയെ എതിർക്കുകയാണ്. എതിർപ്പുള്ളതിനാൽ ഔദ്യോഗിക ഉത്തരവ് ഇറക്കിയിട്ടില്ലെന്നും കോർപറേഷൻ അറിയിച്ചു.