ലണ്ടൻ
അധികാരത്തിൽ മൂന്നുവർഷം പൂർത്തിയാക്കാൻ ആഴ്ചകൾമാത്രം ശേഷിക്കവെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ രാജിവച്ചത്.
ലണ്ടൻ മേയറായി കത്തിനിന്ന് വൻഭൂരിപക്ഷത്തോടെ പ്രധാനമന്ത്രിപദത്തില്‍ എത്തിയെങ്കിലും പ്രതിസന്ധികളും വിവാദങ്ങളും നിറഞ്ഞതായിരുന്നു ബോറിസിന്റെ പ്രധാനമന്ത്രിക്കാലം.
ക്രിസ് പിഞ്ചർ
ക്രിസ്റ്റഫർ പിഞ്ചറിനെ ഫെബ്രുവരിയിൽ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതാണ് ജോൺസന് പുറത്തേക്കുള്ള വഴിതെളിച്ചത്. മറ്റ് കൺസർവേറ്റീവ് എംപിമാരുടെ ക്ഷേമ ചുമതലയുള്ള ഇദ്ദേഹം മദ്യപിച്ച് അപമര്യാദയായി പെരുമാറിയത് പാർടിക്കുള്ളിൽ അമർഷമുണ്ടാക്കി.
മുമ്പ് ഉയർന്ന ലൈംഗികാരോപണങ്ങളും പുറത്തുവന്നു. പിഞ്ചറിനെ നിയമിച്ചതിൽ ബോറിസിന് മാപ്പുപറയേണ്ടിവന്നു.
പാർടി ഗേറ്റ്
കോവിഡ് തീവ്രമായി രാജ്യമാകെ അടച്ചിട്ടിരുന്നപ്പോൾ പ്രധാനമന്ത്രി ബോറിസ് ജോൺസനും സർക്കാർ ഉദ്യോഗസ്ഥരും വിവിധ വിരുന്നുകളിൽ പങ്കെടുത്ത ചിത്രങ്ങൾ പുറത്തുവന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഓഫീസിലടക്കം വിരുന്ന് സംഘടിപ്പിച്ചിരുന്നു. ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ ഭർത്താവ് ഫിലിപ്പിന്റെ സംസ്കാരത്തലേന്നും വിരുന്നു നടത്തി.
ലൈംഗിക
ആരോപണങ്ങൾ
കൺസർവേറ്റീവ് എംപിമാർ ഇമ്രാൻ അഹമ്മദ് പതിനഞ്ചുകാരനെ ലൈംഗികചൂഷണം ചെയ്തതായി തെളിഞ്ഞു. പാർലമെന്റ് സമ്മേളനത്തിലിരിക്കെ രണ്ടുതവണ ഫോണിൽ അശ്ലീല വീഡിയോ കണ്ടത് വിവാദമായതോടെ നെയിൽ പാരിഷ് രാജിവച്ചു. ലൈംഗികപീഡനക്കേസിൽ മറ്റൊരു കൺസർവേറ്റീവ് എംപി അറസ്റ്റിലായി.
ഓവൻ പാറ്റേഴ്സൺ
ചില കമ്പനിയിൽനിന്ന് കാശുവാങ്ങി അവയ്ക്ക് പ്രചാരണം നൽകിയ ആരോപണത്തിൽ കൺസർവേറ്റീവ് എംപി ഓവൻ പാറ്റേഴ്സണെ പാർലമെന്ററി സമിതി 30 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. നടപടി ഒഴിവാക്കാൻ ജോൺസനും കൂട്ടരും ആദ്യം ശ്രമിച്ചെങ്കിലും എംപി രാജിവച്ചു.
വസതി മിനുക്കൽ
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വൻചെലവിൽ മിനുക്കുപണി നടത്തി. സ്വർണംകൊണ്ടുള്ള വാൾപേപ്പർവരെ ഉപയോഗിച്ചു.
തെരഞ്ഞെടുപ്പുകമിഷൻ കൺസർവേറ്റീവ് പാർടിക്ക് 17,800 പൗണ്ട് പിഴയിട്ടു.
videograbbed image
വാഗ്ദാനങ്ങള്‍
പാലിച്ചില്ല
യൂറോപ്യൻ യൂണിയനിൽനിന്ന് പുറത്തുവരുമെന്നും ബ്രിട്ടനിലെ സാമ്പത്തിക അസമത്വങ്ങൾക്ക് അറുതികുറിക്കുമെന്നും വാഗ്ദാനം ചെയ്താണ് ജോൺസൻ 2019ൽ അധികാരത്തിലെത്തിയത്. എന്നാല്‍ അതൊന്നും പാലിക്കാനായില്ല. യൂറോപ്യൻ യൂണിയനിൽനിന്ന് പുറത്തുവരുന്നതിനോട് യോജിച്ചവർതന്നെ അത് ജോൺസൻ കൈകാര്യം ചെയ്ത രീതിയെ എതിർത്തു. 2020 ഫെബ്രുവരി ഒന്നിന് ബ്രെക്സിറ്റ് യാഥാർഥ്യമായെങ്കിലും സാമ്പത്തികമേഖലയിൽ ഉൾപ്പെടെ അത് സൃഷ്ടിച്ച പ്രശ്നങ്ങൾക്ക് പ്രധാനമന്ത്രിയുടെ കൈയിൽ പരിഹാരമുണ്ടായിരുന്നില്ല.കോവിഡിനെ തുടക്കത്തിൽ അലംഭാവത്തോടെ നേരിട്ടത് മരണസംഖ്യയേറാന്‍ കാരണമായി. ബ്രെക്സിറ്റിൽ ഒപ്പംനിന്നവരും കൈയൊഴിഞ്ഞു. ലക്ഷക്കണക്കിനാളുകൾ മരിക്കുമെന്നായതോടെ രാജ്യം അടച്ചിട്ടു.
വില കുതിച്ചു
കോവിഡ് പ്രതിസന്ധികൂടിയായതോടെ രാജ്യത്തിന്റെ സാമ്പത്തികരംഗം കൂടുതൽ വഷളായി. വിലക്കയറ്റം 40 വർഷത്തെ ഏറ്റവും ഉയർന്ന സ്ഥിതിയിലെത്തി. വേതനവർധന ആവശ്യപ്പെട്ട് വിവിധ മേഖലകളിൽ തൊഴിൽസമരം പതിവായി. ജൂണിൽ അരലക്ഷം റെയിൽവേ ജീവനക്കാർ മൂന്നുദിവസം പണിമുടക്കിയത് റെയിൽവേയെ സ്തംഭിപ്പിച്ചു. അഭിഭാഷകർ കോടതി ബഹിഷ്കരിച്ചു. ആരോഗ്യ, ഗതാഗത, വ്യോമയാന മേഖലകളിൽ ഉൾപ്പെടെ തൊഴിലാളികൾ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.