ന്യൂഡൽഹി
മഹാരാഷ്ട്രയിൽ ശിവസേനാ എംഎൽഎമാർക്കു പിന്നാലെ എംപിമാരും ഉദ്ധവ് താക്കറെയെ കൈവിടാൻ സാധ്യതയേറി. ഏക്നാഥ് ഷിൻഡെ വിഭാഗവുമായി ധാരണയിൽ എത്താനും ബിജെപിക്കൊപ്പം നീങ്ങാനും അഭ്യർഥിച്ച യവത്മാൽ എംപി ഭാവന ഗവാലിയെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് നീക്കിയെന്ന് ഉദ്ധവ് താക്കെറെ സ്പീക്കർ ഓം ബിർളയ്ക്ക് കത്തയച്ചു. രാജൻ വിചാരെയെ ചീഫ് വിപ്പായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.
ശിവസേനയ്ക്ക് ലോക്സഭയിൽ 18ഉം രാജ്യസഭയിൽ മൂന്നും അംഗങ്ങളുണ്ട്. സഞ്ജയ് റൗത്ത്, പ്രിയങ്ക ചതുർവേദി, അനിൽ ദേശായ് എന്നീ മൂന്ന് രാജ്യസഭാംഗങ്ങളും ഉദ്ധവ് പക്ഷക്കാരാണ്. എന്നാൽ, ലോക്സഭാംഗങ്ങളിൽ എത്രപേർ ഒപ്പം നിൽക്കുമെന്ന് ഉദ്ധവിന് ഉറപ്പില്ല. മുഖ്യമന്ത്രി ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെ വിമതവിഭാഗത്തിലാണ്. ബിജെപിയുമായി സഹകരിക്കാൻ അഭ്യർഥിച്ച് കത്തയച്ച ഭാവന ഗവാലിയും കൂറുമാറി. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കാൻ ഉദ്ധവിനോട് ആവശ്യപ്പെട്ട രാഹുൽ ഷെവാലെ എംപിയും മറുപക്ഷത്തേക്ക് ചാടും.12 പേർ ഒപ്പമുണ്ടെന്ന് ഷിൻഡെ പക്ഷം അവകാശപ്പെടുന്നു.
ചിഹ്നത്തിന്
വേണ്ടിയും യുദ്ധം
ശിവസേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും അവകാശപ്പെട്ട് ഷിൻഡെ പക്ഷം രംഗത്തെത്തി. ബാൽ താക്കറെ രൂപപ്പെടുത്തിയ ചിഹ്നത്തിൽ വിമതർക്ക് അവകാശമില്ലെന്ന് ഉദ്ധവ് പക്ഷക്കാരനായ സിന്ധുദുർഗ് എംപി വിനായക് റാവത്ത് പ്രതികരിച്ചു.
താനെ നഗരസഭയും ഷിൻഡെ പിടിച്ചു
മഹാരാഷ്ട്രയിലെ താനെ നഗരസഭയില്‍ 67 ശിവസേന കൗൺസിലർമാരിൽ 66 പേരും ഏക്നാഥ് ഷിൻഡെ പക്ഷത്തേക്ക് ചേർന്നു. ഇതോടെ ഉദ്ധവ് പക്ഷത്തിന് ഭരണം നഷ്ടമായി. ബുധനാഴ്ച രാത്രി മുഖ്യമന്ത്രി ഏക്നാഥ് ഷിന്ഡെയുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് കൗണ്സിലര്മാര് കൂറുമാറിയത്. 131 അംഗ നഗരസഭയില്‍ എന്സിപിക്ക് 34 സീറ്റും ബിജെപിക്ക് 23 സീറ്റുണ്ട്.അതേസമയം, മുൻ എംപിയും ശിവസേന നേതാവുമായ ആനന്ദറാവു അദ്സുൽ പാർടി നേതൃസ്ഥാനം രാജിവച്ചു.