ദുബായ്> യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് ബിസിനസ് തുടങ്ങാൻ ഒരു വർഷം നീണ്ട അവധി. രാജ്യം വാഗ്ദാനം ചെയ്യുന്ന വൻ വാണിജ്യ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന യുഎഇ പൗരന്മാർക്ക് സ്വന്തം ബിസിനസ് സംരംഭങ്ങൾ തുടങ്ങാനാണ് ഒരു വർഷം വരെ അവധി എടുക്കാമെന്ന പ്രഖ്യാപനം.
സർക്കാർ ജോലികൾ നിലനിർത്തിക്കൊണ്ടുതന്നെ എമിറേറ്റികൾക്ക് ഈ കാലയളവിൽ പകുതി ശമ്പളം ലഭിക്കും. കൂടുതൽ പൗരന്മാരെ അവരുടെ സംരംഭകത്വ യാത്രകൾ ആരംഭിക്കാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ തീരുമാനം.
“നമ്മുടെ ദേശീയ സമ്പദ്വ്യവസ്ഥ വാഗ്ദാനം ചെയ്യുന്ന വലിയ വാണിജ്യ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം”- ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.
وأقررنا اليوم ضمن المجلس قرار إجازة التفرغ للمواطنين العاملين في الحكومة الراغبين في إدارة أعمالهم الحرة .الإجازة تبلغ عام كامل بنصف الراتب مع الحفاظ على الوظيفة ..هدفنا تشجيع شبابنا على الاستفادة من الفرص التجارية الضخمة التي يوفرها اقتصادنا الوطني .. pic.twitter.com/3UpZ8PG8yY
— HH Sheikh Mohammed (@HHShkMohd) July 7, 2022
സ്വകാര്യ മേഖലയിൽ തങ്ങളുടെ ബിസിനസ്സ് ആരംഭിക്കാനോ മാനേജ് ചെയ്യാനോ ആഗ്രഹിക്കുന്ന പൗരന്മാർക്കാണ് ഇത്തരം സൗകര്യം ലഭിക്കുക. ഇതിനായി ജീവനക്കാരൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ തലവന്റെ അംഗീകാരം ലഭ്യമാക്കണം.
പകർച്ചവ്യാധിക്ക് മുമ്പുള്ള തലങ്ങളെ അപേക്ഷിച്ച് രാജ്യത്തിന്റെ സാമ്പത്തിക ഫലങ്ങൾ കാബിനറ്റ് അവലോകനം ചെയ്തതായി യുഎഇ വൈസ് പ്രസിഡന്റ് പറഞ്ഞു. എണ്ണ ഇതര കയറ്റുമതിയിൽ രാജ്യം 47 ശതമാനം വളർച്ചയും, വിദേശ നിക്ഷേപത്തിൽ 16 ശതമാനം വർധനയും രാജ്യം നേടി. പുതിയ കമ്പനികളുടെ എണ്ണത്തിൽ 126 ശതമാനം വർധനയും ഇക്കാലയളവിൽ ഉണ്ടായി.