അബുദാബി> ഓരോ വ്യക്തിക്കും രോഗപ്രതിരോധ ശേഷിയുണ്ടാക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് സംസ്ഥാന ആരോഗ്യ വനിത ശിശു വികസന മന്ത്രി വീണാ ജോർജ്ജ്. അബുദാബിയിലെത്തിയ മന്ത്രി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ഓരോ വ്യക്തിയും ആരോഗ്യവാനും ആരോഗ്യവതിയുമാവുക എന്നതാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ആഹാരം. നമ്മൾ കഴിക്കുന്ന ആഹാരം വിഷരഹിതമായിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്.
പതിറ്റാണ്ടുകളായുള്ള കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമായി ആരോഗ്യ മേഖലയിൽ കേരളം ഒന്നാം സ്ഥാനത്താണ്. നമ്മുടെ സൂചികകൾ വികസിത രാജ്യങ്ങളുമായിട്ടാണ് താരതമ്യം ചെയ്തുകൊണ്ടിരിക്കുന്നത്.’ആരോഗ്യ സുരക്ഷിത കേരളം’ എന്ന ലക്ഷ്യവുമായി ജനകീയമായിട്ടുള്ള ഒരു ക്യാമ്പയിൻ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്. ആദ്യഘട്ടമായി സംസ്ഥാനത്തെ ഹോട്ടലുകൾക്ക് ചില മാനദണ്ഡങ്ങൾ അനുസരിച്ച് റേറ്റിങ്ങ് ഏർപ്പെടുത്തി. ഗ്രീൻ, ബ്ലൂ, മഞ്ഞ കാറ്റഗറി എന്നീ തട്ടുകളായി തിരിച്ചാണ് റേറ്റിങ്ങ്. ഈ ഗണത്തിൽ പെടുന്ന ഹോട്ടലുകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
തെരുവോരങ്ങളിൽ നടത്തുന്ന ചെറുതും വലുതുമായ കടകൾ വൃത്തിയുള്ളതായിരിക്കണം, ഭക്ഷണങ്ങൾ വൃത്തിയിൽ പാചകം ചെയ്യുന്നതായിരിക്കണം എന്ന മാനദണ്ഡങ്ങളോട് കൂടി ക്ളീൻ ആന്റ് സേഫ്റ്റി ഫുഡ് വിൽക്കുന്ന ഫുഡ് ഹബ്ബുകൾ പ്രാബല്യത്തിൽ കൊണ്ടുവരുവാനുള്ള ശ്രമങ്ങളാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ടൂറിസ്റ്റുകളെയും ആകർഷിക്കാൻ കഴിയുമെന്നും പറഞ്ഞു.