ന്യൂഡൽഹി> ‘കാളി ’ പോസ്റ്റർ വിവാദത്തിൽ സംഘപരിവാറിന്റെ സൈബർ ആക്രമണത്തിന് പിന്നാലെ പ്രശസ്ത തമിഴ് സംവിധായിക ലീന മണിമേലയ്ക്കെതിരെ യുപിയിലും ഡൽഹിയിലും കേസ്. ക്രിമിനൽ ഗൂഢാലോചന, മതവികാരം വ്രണപ്പെടുത്തൽ, കലാപാഹ്വാനം, സമുദായിക സ്പർദ വളർത്തൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ ചേർത്താണ് സംഘപരിവാർ പ്രവർത്തകരുടെ പരാതിയിൽ കേസെടുത്തത്. ലീന നിലവിൽ കാനഡിലാണ് താമസം.
ഗോ മഹാസഭ അധ്യക്ഷൻ അജയ് ഗൗതം, മറ്റൊരു അഭിഭാഷകൻ എന്നിവരുടെ പരാതിയിലാണ് കേസ്. ബിജെപി നേതാവയ ശിവം ഛബ്രയും ഡൽഹി പൊലീസിൽ തിങ്കളാഴ്ച പരാതി നൽകിയിട്ടുണ്ട്. ഭയമില്ലന്നും ജീവൻ ത്യജിക്കേണ്ടി വന്നാൽ അതിനും തയ്യാറാണെന്നും ലീന സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു. ഇത്തരക്കാർക്ക് മതവുമായോ വിശ്വാസവുമയോ ഒരു ബന്ധവുമില്ലന്നും അവർ വിമർശിച്ചു. പുതിയ ഡോക്യുമെന്ററി ചിത്രമായ ‘കാളി’യുടെ പോസ്റ്റിൽ കാളി പുക വലിക്കുന്നതും ലൈംഗീക ന്യൂനപക്ഷങ്ങളുടെ ബഹുവർണ പതാകയുള്ളതുമാണ് സംഘപരിവാറുകാരെ ചൊടിപ്പിച്ചത്.