ന്യൂഡൽഹി> വ്യാജവാർത്തകൾ തുറന്നുകാട്ടുന്ന ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകൻ മൊഹമ്മദ് സുബൈറിനെതിരെ യുപി പൊലീസും പുതിയ കേസെടുത്തു. മഹന്ത് ബജ്രംഗ് മുനി, യതി നരസിംഹാനന്ദ സരസ്വതി, ആനന്ദ് സ്വരൂപ് എന്നിവരെ ‘വെറുപ്പിന്റെ ത്രയം’ എന്ന് വിശേഷിപ്പിച്ച് ട്വീറ്റ് ചെയ്തത് മതവികാരം വ്രണപ്പെടുത്തിയെന്ന വിചിത്ര വാദമുയർത്തിയാണ കേസ്.
മുസ്ലീം സ്ത്രീകളെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം നടത്തണമെന്ന ആഹ്വാനത്തിൽ ഈ വർഷം ഏപ്രിലിൽ അറസ്റ്റിലായ ആളാണ് ബജ്രംഗ് മുനി. ഡൽഹി ഹിന്ദുമത സമ്മേളനത്തിലടക്കം വിദ്വേഷ പ്രസംഗം നടത്തിയതിന് സുപ്രീംകോടതിയടക്കം രൂക്ഷമായി വിമർശിച്ച യതി നരസിംഹാനന്ദ സംഘപരിവാറിന്റെ സ്ഥിരം വിദ്വേഷ പ്രചാരകനാണ്. ആനന്ദ് സ്വരൂപും സമാനമായി വിമർശനം നേരിട്ടയാളാണ്. സുബൈറിനെ യുപിയിലെത്തിച്ച് പൊലീസ് തെളിവെടുത്തു. ഹിന്ദു ഷേർ സേന ജില്ലാ പ്രസിഡന്റ് ഭഗവാൻ ശരണിന്റെ പരാതിയിലാണ് പുതിയ കേസ്.
അതേ സമയം ആൾട്ട് ന്യൂസിന് അമ്പത് ലക്ഷം രൂപയുടെ നിയമവിരുദ്ധമായ വിദേശപണം ലഭിച്ചുവെന്ന ഡൽഹി പൊലീസിന്റെ ആരോപണം സ്ഥാപനം തള്ളി. പൊതുജനങ്ങളിൽ നിന്നടക്കം ശേഖരിച്ച പണമാണ് ബാങ്ക് അക്കൗണ്ടിലുള്ളതെന്നും ഇത് ഒരു വ്യക്തിയുടേതല്ലന്നും സ്ഥാപകാംഗം പ്രതീക് സിൻഹ വ്യക്തമാക്കി. സുബൈറിന്റെ ബാക്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും സ്ഥാപനം പൂട്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും സിൻഹ കുറ്റപ്പെടുത്തി. കേസ് കെട്ടിച്ചമച്ചതാണെന്ന് അഭിഭാഷകനായ കവൽപ്രീത് കൗറും പറഞ്ഞു.