മനാമ> സൗദി സര്‍ക്കാരിലെ ഉന്നത സ്ഥാനങ്ങളിലേക്ക് രണ്ട് വനിതകളെ നിയമിച്ചു. സൗദി മന്ത്രിസഭയിലെ ആദ്യ വനിതാ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി ഷിഹാന അല്‍ അസാസിനെയും ടൂറിസം ഡെപ്യൂട്ടി മന്ത്രിയായി ഹൈഫ ബിന്ത് മുഹമ്മദ് അല്‍ സൗദ് രാജകുമാരിയെയും നിയമിച്ചു. ആദ്യമായാണ് ഇത്ര ഉയര്‍ന്ന സ്ഥാനങ്ങളിലേക്ക് സൗദിയില്‍ വനിതകളെ നിയമിക്കുന്നത്.
ഇവരെ നിയമിച്ചുകൊണ്ട് ഞായറാഴ്ചയാണ് സല്മാന് രാജാവ് ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യത്ത് വക്കീല്‍ പ്രാക്ടീസ് ചെയ്യാന്‍ ലൈസന്‍സ് ലഭിച്ച ആദ്യത്തെ വനിതകളില്‍ ഒരാളാണ് ഷിഹാന അല്‍ അസാസ്. പൊതു നിക്ഷേപ ഫണ്ട് ജനറല്‍ കൗണ്‍സല്‍ സ്ഥാനത്തുനിന്നാണ് പുതിയ തസ്ഥികയിലേക്ക് വരുന്നത്. നേരത്തെ ടൂറിസം അസിസ്റ്റന്റ് മന്ത്രിയായിരിക്കെ സമ്പദ്വ്യവസ്ഥക്കു മുതല്‍ കൂട്ടാകുന്ന വിധം രാജ്യത്തിന്റെ ടൂറിസം തന്ത്രം നടപ്പാക്കുന്നതിന്റെ ചുമതല ഹൈഫ ബിന്ത് രാജകുമാരിക്കായിരുന്നു. തുടര്‍ന്നാണ് ഇതേ വകുപ്പില്‍ ഉപ മന്ത്രിയായി ഉയര്‍ത്തിയത്.
സൗദിയില്‍ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് പുരുഷ പൗരന്മാരേക്കാള് ഏകദേശം നാലിരട്ടിയാണ്. സ്വകാര്യ മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് ജോലി കണ്ടെത്തുക എന്ന പദ്ധതിയുടെ ഭാഗമായി സ്ത്രീകള്‍ക്ക് വിവിധ മേഖലളകില് നിയന്ത്രണങ്ങള്‍ കഴിഞ്ഞ കുറച്ചു കാലമായി ഒഴിവാക്കുന്നുണ്ട്. വനിതകള്‍ക്ക് ഡ്രൈവിങ് വിലക്ക് നീക്കുകയും പുരുഷ രക്ഷാധികാരിയുടെ അനുമതിയില്ലാതെ യാത്ര ചെയ്യാന്‍ അനുമതി നല്‍കുകയും ചെയ്തു.
കഴിഞ്ഞ ജൂണില്‍ സൗദി അരാംകോ മുന്‍ എക്സിക്യൂട്ടീവായ ഷീല അല്‍ റൊവൈലിയെ സൗദി സെന്‍ട്രല്‍ ബാങ്കിന്റെ ബോര്‍ഡിലെ ആദ്യ വനിത അംഗമായി നിയമിച്ചിരുന്നു. സൗദി സ്റ്റോക്ക് എക്സ്ചേഞ്ച് ചെയര്‍വുമണ്‍ സാറാ അല്‍ സുഹൈമി, പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിലെ കംപ്ലയന്‍സ് ആന്‍ഡ് ഗവേണന്‍സ് മേധാവി റാനിയ നാഷര്‍ എന്നിവരാണ് രാജ്യത്തിലെ നേതൃസ്ഥാനത്തുള്ള മറ്റ് വനിതകള്‍.