ന്യൂഡൽഹി> ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉപയോക്താക്കളിൽ സർവ്വീസ് ചാർജ് നിർബന്ധപൂർവ്വം ഈടാക്കരുതെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ). സർവ്വീസ് ചാർജ് നിർബന്ധമായും ഈടാക്കരുത്. ഉപയോക്താക്കൾ സ്വമേധയാ അത് നൽകാൻ തയ്യാറാണെങ്കിൽ വാങ്ങാം. ഭക്ഷണബില്ലിനൊപ്പം സർവ്വീസ് ചാർജ് കൂടി ചേർത്ത് ബില്ല് നൽകരുതെന്നും സിസിപിഎ മാർഗനിർദേശത്തിൽ പറയുന്നു.
ബില്ലിൽ സർവ്വീസ് ചാർജ് ചേർത്തിട്ടുണ്ടെങ്കിൽ ഉപയോക്താക്കൾക്ക് ഹോട്ടൽഉടമകളോട് അത് ഒഴിവാക്കാൻ ആവശ്യപ്പെടാം. ഈ വിഷയത്തിൽ പരാതിയുണ്ടെങ്കിൽ ഉപയോക്താക്കൾക്ക് ദേശീയ കൺസ്യൂമർ ഹെൽപ്പ്ലൈനിന്റെ 1915 നമ്പറിൽ അറിയിക്കാം. ഹോട്ടലുകൾ സർവ്വീസ്ചാർജ് ചുമത്തുന്നതിന് എതിരെ നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് അധികൃതർ വിശദീകരിച്ചു. സർവ്വീസ് ചാർജ് ചുമത്തുന്നത് ചോദ്യംചെയ്യുന്നവരെ അവഹേളിച്ചതായും പരാതിയുണ്ട്.