ന്യൂഡല്‍ഹി> മിനിമം താങ്ങുവില നിയമപരമാക്കാമെന്ന ഉറപ്പ് മോദി സര്‍ക്കാര്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ‘വഞ്ചനയ്ക്കെതിരായ പ്രതിഷേധം’ സംഘടിപ്പിക്കാന്‍ സംയുക്ത കിസാന്‍മോര്‍ച്ച തീരുമാനിച്ചു. കോര്‍പ്പറേറ്റ് അനുകൂല കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് ഐതിഹാസിക കര്‍ഷകസമരം ഒത്തുതീര്‍പ്പാക്കിയ ഘട്ടത്തിലാണ് മിനിമം താങ്ങുവില നിയമപരമാക്കാമെന്ന ഉറപ്പ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്.
കഴിഞ്ഞ ഡിസംബറിലാണ് കര്‍ഷകസമരം ഒത്തുതീര്‍ന്നത്. ഏഴുമാസമായിട്ടും സര്‍ക്കാര്‍ വാക്കുപാലിക്കാത്ത സാഹചര്യത്തിലാണ് രാജ്യവ്യാപക പ്രക്ഷോഭത്തിന് ഗാസിയാബാദില്‍ ചേര്‍ന്ന കിസാന്‍മോര്‍ച്ച യോഗത്തില്‍ തീരുമാനമായത്.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങുന്ന ജൂലൈ 18 മുതല്‍ 31 വരെ ജില്ലാ തലങ്ങളില്‍ പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിക്കും. ജൂലൈ 31 ന് ഉദ്ധംസിങ് രക്തസാക്ഷി ദിനത്തില്‍ രാജ്യവ്യാപകമായി ദേശീയപാതകള്‍ ഉപരോധിക്കും. പകല്‍ 11 മുതല്‍ മൂന്ന് വരെയാണ് ഉപരോധം. കര്‍ഷകസമരത്തില്‍ പങ്കെടുത്തവര്ക്കെതിരായി കേസുകള്‍ പിന്‍വലിക്കാത്തതിലും വൈദ്യുതി ബില്ല് വീണ്ടും കൊണ്ടുവരാനുള്ള നീക്കത്തിലും കിസാന്‍മോര്‍ച്ച പ്രതിഷേധിക്കും.
സൈനികസേവനത്തെയും കരാര്വല്ക്കരിക്കുന്ന അഗ്നിപഥ് പദ്ധതിയ്ക്കെതിരായ പ്രതിഷേധവും രൂക്ഷമാക്കും. ഇതിന്റെ ഭാഗമായി യുവാക്കളെയും വിമുക്ത ഭടന്മാരെയും രംഗത്തിറക്കും. ആഗസ്ത് ഏഴ് മുതല്‍ പതിന്നാല് വരെ രാജ്യവ്യാപകമായി ജയ്ജവാന്‍, ജയ്കിസാന്‍ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. യുപിയിലെ ലഖിംപ്പുര്‍ഖേരിയില്‍ കര്‍ഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ പ്രതിയുടെ അച്ഛന് അജയ് മിശ്ര തേനി ഇപ്പോഴും കേന്ദ്രമന്ത്രിസഭയില്‍ തുടരുന്നതിനെ കിസാന്‍മോര്‍ച്ച അപലപിച്ചു. ആഗസ്ത് 18 മുതല്‍ 20 വരെ ലഖിംപ്പുര്‍ഖേരിയില്‍ ജനകീയ ധര്‍ണ സംഘടിപ്പിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കിസാന്‍മോര്‍ച്ച നേതാക്കള്‍ ധര്‍ണയില്‍ പങ്കെടുക്കും.
കര്‍ഷകര്‍ക്കും മനുഷ്യാവകാശസംഘടനകള്‍ക്കും നേരെയുള്ള അതിക്രമങ്ങളെയും അടിച്ചമര്‍ത്തലുകളെയും കിസാന്‍മോര്‍ച്ച അപലപിച്ചു. തീസ്തയുടെയും ശ്രീകുമാറിന്റെയും മുഹമദ് സുബൈറിന്റെയുമെല്ലാം അറസ്റ്റ് ജനാധിപത്യഅവകാശങ്ങളെ കൂടുതലായി അടിച്ചമര്‍ത്തുന്നതിന് ഉദാഹരണമാണെന്നും അറസ്റ്റുചെയ്യപ്പെട്ടവര്ക്കൊപ്പം നിലയുറപ്പിക്കുന്നുവെന്നും കിസാന്‍മോര്‍ച്ച അറിയിച്ചു.