റിയാദ്> ബഷീർ എന്ന മഹാപ്രതിഭ അനുഭവത്തിന്റെ മാത്രം പ്രകാശനമായിരുന്നില്ല എന്നും അത് ജീവിതത്തിന്റെ വൈവിദ്ധ്യപൂർണമായ ഭാവനയുടെ കൂടി ആഘോഷമായിരുന്നു എന്ന് മലയാളത്തിലെ പ്രതിഭാധനനായ എഴുത്തുകാരൻ ഇ സന്തോഷ് കുമാർ. മലയാള സാഹിത്യത്തിലെ മഹാപ്രതിഭകളുടെ എഴുത്തും സർഗജീവിതവും അടുത്തറിയുക എന്ന ലക്ഷ്യത്തോടെ ചില്ല റിയാദ് വിഭാവനം ചെയ്ത സർഗപരമ്പരയിലെ രണ്ടാമത്തെ സ്മൃതി ‘ആ പൂവ് നീ എന്ത് ചെയ്തു’ എന്ന ശീർഷകത്തിൽ ബഷീറിനെ അനുസ്മരിച്ച് കൊണ്ട് നടന്ന പരിപാടി ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം.
എഴുത്ത്, വ്യക്തിജീവിതം എന്നിങ്ങനെ രണ്ടായിരുന്നില്ല, ഒന്നായിരുന്നു ബഷീർ എന്ന് സന്തോഷ് കുമാർ കൂട്ടിച്ചേർത്തു. കോവിഡ് കാലം സൃഷ്ടിച്ച ഇടവേളക്കുശേഷം ചില്ല നടത്തുന്ന ആദ്യത്തെ ഏകദിന പരിപാടിയായിരുന്നു ‘ആ പൂവ് നീ എന്ത് ചെയ്തു’ എന്നത്. ബദിയയിലെ ഇസ്ത്രാഹയിൽ നടന്ന സർഗ്ഗസ്മൃതിയിൽ ചില്ല കോർഡിനേറ്റർ സുരേഷ് ലാൽ ആമുഖം അവതരിപ്പിച്ചു. തുടർന്ന് പ്രൊഫ. എം എൻ കാരശ്ശേരി എഴുതിയ ‘ബഷീർമാല’ എന്ന ഗാനം മനോജ് കിഴിശ്ശേരി, ഷാഫി എന്നിവർ ആലപിച്ചു. എം എ റഹ്മാൻ സംവിധാനം ചെയ്ത ‘ബഷീർ ദ മേൻ’ എന്ന ഡോക്യുമെന്ററിയുടെ പ്രദർശനം ബഷീറിന്റെ ജീവിത കാഴ്ച്പ്പാടുകളെ കൂടുതൽ തെളിമയോടെ മനസ്സിലാക്കാൻ സദസ്സിന് സഹായകമായി. ബഷീറിന്റെ വൈലാലിലെ മുറ്റത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് ലിയ ഖദീജ, ദീപക് ദേവ് എന്നീ കുട്ടികൾ ‘ബഷീറും പാത്തുമ്മയും ആടും’ എന്ന രംഗരൂപം അവതരിപ്പിച്ചത് സദസ്സിന്റെ പ്രശംസ പിടിച്ചുപറ്റി.
‘ബഷീർ: കാലാതിവർത്തിയായ കല’ എന്ന വിഷയത്തിൽ വിപിൻ കുമാർ ആദ്യത്തെ പ്രഭാഷണം നടത്തി. ബഷീറിന്റെ കഥാപാത്രങ്ങളും കഥാലോകവും സാർവകാലിക സ്വഭാവമുള്ളവയാണെന്നതിനാൽ എക്കാലത്തും ചർച്ചചെയ്യാൻ സാധിക്കുന്ന കലാസൗന്ദര്യമാണെന്ന നിരീക്ഷണം അദ്ദേഹം നടത്തി. മൂസ കൊമ്പൻ പ്രഭാഷണത്തിന്റെ ആമുഖം അവതരിപ്പിച്ചു. ഷഹീബ വി.കെ ആമുഖം നടത്തിയ രണ്ടാമത്തെ പ്രഭാഷണം ‘ബഷീറിലെ പരിസ്ഥിതിയും രാഷ്ട്രീയവും’ സീബ കൂവോട് അവതരിപ്പിച്ചു. തടവറകളിൽ പോലും പൂന്തോട്ടം വച്ചുപിടിപ്പിച്ച ബഷീർ ഒരേസമയം മാനവികമായ പരിസ്ഥിതിയുടെയും മർദ്ദിതപക്ഷത്തിന്റെയും എഴുത്തുകാരനാണെന്ന് സീബ അഭിപ്രായപ്പെട്ടു. വിനോദ് കുമാർ മലയിൽ, ബൈജു കീഴ്ശ്ശേരി എന്നിവരുടെ സഹകരണത്തോടെ മുരളി കണിയാരത്ത് ബഷീറിന്റെ ‘ഒരു മനുഷ്യൻ’ എന്ന കഥയുടെ രംഗാവിഷ്കാരം നടത്തി.
ബഷീറിന്റെ മനുഷ്യത്വബോധത്തിന്റെ ഏറ്റവും മനോഹരമായ അവതരണമായിരുന്നു ‘ഒരു മനുഷ്യൻ. ലീന കോടിയത്തിന്റെ ആമുഖത്തോടെ ‘വ്യാകരണം തെറ്റിയ ബഷീർ’ എന്ന പ്രഭാഷണം എം ഫൈസൽ നിർവ്വഹിച്ചു. ലോകത്തെ മഹാപ്രതിഭകളെല്ലാം ഭാഷയുടെ മാത്രമല്ല, ജീവിതത്തിന്റെ തന്നെ വ്യാകരണങ്ങളെ നിശ്ചയദാർഢ്യത്തോടെ ലംഘിച്ചവരാണെന്നും മലയാളത്തിൽ അങ്ങനെ ഒരു പ്രതിഭ ബഷീർ മാത്രമാണെന്നും അദ്ദേഹം വിലയിരുത്തി. മൂന്ന് പ്രഭാഷണവിഷയങ്ങളെ ആധാരമാക്കി സംഘടിപ്പിക്കപെട്ട സംവാദസദസ്സ് സാഹിത്യകാരി ബീന മോഡറേറ്റ് ചെയ്തു. സംവാദത്തിൽ ഷഫീഖ് തലശ്ശേരി, നാസർ കാരക്കുന്ന്, വിനയൻ, ബഷീർ കാഞ്ഞിരപ്പുഴ, സുലൈമാൻ വിഴിഞ്ഞം, സബീന എം.സാലി, സൗരവ്, പ്രസാദ് വഞ്ചിപ്പുര എന്നിവർ സംസാരിച്ചു.
മൂസ കൊമ്പൻ പരിപാടിയുടെ ഉപസംഹാരം നടത്തി. സജീവ് കാരത്തെടി, അഭയ് ദേവ് എന്നിവർ വരച്ച കാരിക്കേച്ചറുകളുടെയും ബഷീർ കൃതികളുടെയും പ്രദർശനം പരിപാടിക്ക് സമാന്തരമായി നടന്നു. ബഷീറിന്റെ വൈലാലിലെ വീട്ടുപരിസരം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സഹകരണത്തോടെ ബഷീർ രചനകളുടെ പശ്ചാത്തലത്തിൽ ഒരു പൊതു സാംസ്കാരിക കേന്ദ്രമായി വികസിപ്പിക്കാനുള്ള നടപടി കൈക്കൊള്ളണമെന്ന് ചില്ലയുടെ സാംസ്കാരിക സദസ്സ് കേരള സർക്കാറിനോട് അഭ്യർത്ഥിച്ചു.