ബർമിങ്ഹാം
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 132 റണ്ണിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. ജോണി ബെയർസ്റ്റോയുടെ സെഞ്ചുറിക്കരുത്തിൽ (106) ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 284 റണ്ണെടുത്തു. വിക്കറ്റ്കീപ്പർ സാം ബില്ലിങ്സ് (36) പിന്തുണ നൽകി.
സ്കോർ: ഇന്ത്യ 416, 3–-125, ഇംഗ്ലണ്ട് 284.
ഇന്ത്യയുടെ ആകെ ലീഡ് 257 റണ്ണായി. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 84 റണ്ണുമായി മൂന്നാംദിവസം തുടങ്ങിയ ഇംഗ്ലണ്ടിന് ഏഴാം വിക്കറ്റിൽ ബെയർസ്റ്റോയും ബില്ലിങ്സും ചേർന്നെടുത്ത 92 റൺ രക്ഷയായി. ഇന്ത്യക്കായി പേസർമാർ മിന്നി. മുഹമ്മദ് സിറാജ് നാല് വിക്കറ്റെടുത്തു. ജസ്പ്രീത് ബുമ്രയ്ക്ക് മൂന്നും മുഹമ്മദ് ഷമിക്ക് രണ്ടും വിക്കറ്റുണ്ട്. ഇംഗ്ലീഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ (25) വിക്കറ്റ് ശാർദുൾ ഠാക്കൂറിനാണ്.
രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ തുടക്കം നന്നായില്ല. ശുഭ്മാൻ ഗിൽ (4), ഹനുമ വിഹാരി (11), വിരാട് കോഹ്ലി (20) എന്നിവർ മടങ്ങി.
ചേതേശ്വർ പൂജാരയും (50) ഋഷഭ് പന്തുമാണ് (30) ക്രീസിൽ.