എല്ലാദിവസവും വിളിയോ മെസേജോ പതിവായിരുന്നു. ഞായറാഴ്ച പതിവുള്ള ‘ഗുഡ്മോണിങ്’ കണ്ടില്ല. അപ്രതീക്ഷിത മരണം ഞെട്ടിച്ചു. ഒപ്പം കളിച്ചെന്നുമാത്രമല്ല ആ ബന്ധം മരിക്കുംവരേയും തുടർന്നു. ഒരു സ്റ്റൈലൻ ഗോളിക്കുവേണ്ടതെല്ലാം തികഞ്ഞവനായിരുന്നു. കളത്തിൽ ശാന്തൻ. കളിക്കാരുമായി നല്ല ‘കമ്യൂണിക്കേഷൻ’. സൂക്ഷ്മമായ നിരീക്ഷണം, വേഗമുള്ള ഇടപെടൽ. ഡൈവിങ് മാസ്റ്റർ എന്നാണ് ഞാൻ വിശേഷിപ്പിക്കാറ് –-ചാത്തുണ്ണി പറഞ്ഞു.
സുധീറിന്റെ സ്റ്റെൽ അക്കാലത്ത് എല്ലാ ഗോളികളും പകർത്താറുണ്ടെന്ന് മുൻ ഇന്ത്യൻ ഗോൾകീപ്പറായ വിക്ടർ മഞ്ഞില പറഞ്ഞു.
ടോക്യോയിൽ 1971ൽ നടന്ന ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ്പിലാണ് ദേശീയകുപ്പായം അണിഞ്ഞത്. തൊട്ടടുത്തവർഷം പ്രീ ഒളിമ്പിക്സ് മത്സരങ്ങൾ കളിച്ചു.
1973ലെ മെർദേക്ക ഫുട്ബോൾ, 1974ലെ ടെഹ്റാൻ ഏഷ്യൻ ഗെയിംസ് എന്നിവയിൽ ഇന്ത്യൻ ഗോളിയായിരുന്നു. കേരളം, ഗോവ, മഹാരാഷ്ട്ര ടീമുകൾക്കായി സന്തോഷ്ട്രോഫി കളിച്ചു.