ലണ്ടൻ
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടണം. മറ്റ് ക്ലബ്ബുകളിൽനിന്ന് മെച്ചപ്പെട്ട വാഗ്ദാനമുണ്ടായാൽ പോകാൻ അനുവദിക്കണമെന്ന് റൊണാൾഡോ ആവശ്യപ്പെട്ടു. യുവന്റസിൽനിന്ന് കഴിഞ്ഞ സീസണിലാണ് മുപ്പത്തേഴുകാരൻ വീണ്ടും യുണൈറ്റഡിൽ തിരിച്ചെത്തിയത്. പ്രീമിയർ ലീഗിലെ മൂന്നാമത്തെ ഗോൾവേട്ടക്കാരനും യുണൈറ്റഡിന്റെ ഒന്നാമനുമായി. എന്നാൽ, ടീമിന്റെ പ്രകടനം മോശമായിരുന്നു. ഇതാണ് പോർച്ചുഗീസുകാരനെ ചൊടിപ്പിച്ചത്.
യുണൈറ്റഡിൽ ഒരു സീസൺകൂടി കരാർ ബാക്കിയുണ്ട്. യുണൈറ്റഡിൽ തുടർന്നാൽ കളിജീവിതത്തിൽ ആദ്യമായി ചാമ്പ്യൻസ് ലീഗ് കളിക്കാത്ത സീസണാകും ഇത്തവണത്തേത്. അഞ്ചുവട്ടം ബാലൻ ഡി ഓർ ജേതാവ് രണ്ടാംനിര ലീഗായ യൂറോപയിലാകും ബൂട്ട് കെട്ടുക. ചെൽസി, ബയേൺ മ്യൂണിക്, നാപോളി, ഇന്റർ മിയാമി ക്ലബ്ബുകൾ റൊണാൾഡോയ്ക്ക് പിന്നാലെയുണ്ട്.